മട്ടാഞ്ചേരി: പണം ഇരട്ടിപ്പിക്കലിലൂടെ വ്യാപക തട്ടിപ്പ് നടത്തിയ ദമ്പതികളെ പോലീസ് പിടികൂടി. 25ലക്ഷം നല്‍കിയാല്‍ ഒരുകോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിലായി ഓട്ടേറെ പേരെ വഞ്ചിച്ച ഇടുക്കി തോപ്രാംകുടി സ്വദേശി ജിയോ മാത്യു (37), ഭാര്യ ബിന്നി ജിയോ (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ചുള്ളിക്കല്‍ നോവേന പള്ളിക്ക് സമീപം മെഴുകുതിരി കച്ചവടക്കാരനായ ഷാജിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിച്ച കേസിലാണ് ഇവരെ പിടികൂടിയത്. രണ്ടു വര്‍ഷം മുമ്പ് ആതുരസേവന സൊസൈറ്റിയിലേയ്‌ക്ക് 25 ലക്ഷം രൂപ നല്‍കിയാല്‍ പ്രതിമാസം ലാഭവിഹിതവും ഒരു വര്‍ഷം കഴിഞ്ഞ് ഒരു കോടി രൂപയും ലഭ്യമാകുമെന്നായിരുന്നു വാഗ്ദാനം. തുക ലഭിച്ച് മാസങ്ങളായിട്ടും ലാഭ വിഹിതം ലഭിക്കാതായതോടെ ഷാജി പ്രതികളെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ 10 ലക്ഷം രൂപ കൂടി നല്‍കിയാല്‍ ഒന്നേകാല്‍ കോടി നല്‍കാമെന്ന് പറഞ്ഞു. ഷാജി തുകയും നല്‍കി. പിന്നീട് വീണ്ടും ജിയോവിനെയും ബിന്നിയെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ദമ്പതികള്‍ ആലപ്പുഴയിലുണ്ടെന്ന് അറിഞ്ഞത്. പള്ളികളിലെത്തി വിശ്വാസികളുമായി ചങ്ങാത്തം കുടിയാണ് ഇവര്‍ പണം തട്ടിയത്. സിഐ സാബു, എസ്‌ഐജോഷി, സിപിഓ രാജി മോള്‍, എസിപി പ്രത്യേകസംഘത്തിലെ അനില്‍ കുമാര്‍, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് തട്ടിപ്പ് ദമ്പതികളെ പിടികൂടിയത്. ഇന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കും. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലും ഇവര്‍ക്കെതിരെ തട്ടിപ്പ് കേസുകളുള്ളതായി എസ്‌ഐജോഷി പറഞ്ഞു.
















