കൊല്ലം: സുനാമി പുനരധിവാസ ഫഌറ്റുകളിലെ ദുരവസ്ഥ നേരില്‍ കാണുന്നതിന് മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമത്തിനുള്ള നിയമസഭാസമിതിയുടെ സന്ദര്‍ശനം. ധവളക്കുഴി, താന്നി, വലിയവിള, ആക്കോലില്‍, സ്‌നേഹതീരം എന്നിവിടങ്ങളിലെ സുനാമി ഫഌറ്റുകളിലാണ് സി.കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനും എംഎല്‍എമാരായ സി.കെ.നാണു, കെ ദാസന്‍, എം.നൗഷാദ് എന്നിവര്‍ അംഗങ്ങളുമായ നിയമസഭാസമിതി സന്ദര്‍ശനം നടത്തിയത്.
നിര്‍മാണത്തിലെ അപാകതകളാണ് ഇന്ന് ഫഌറ്റ് നിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് സമിതി വിലയിരുത്തി. അശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ അഭാവം, കെട്ടിടത്തിലെ കേടുപാടുകള്‍, കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം, റോഡുകളുടെ ആവശ്യകത തുടങ്ങി നിരവധി വിഷയങ്ങളാണ് സമിതിയുടെ മുന്നില്‍ പരാതികളായി എത്തിയത്. സുനാമി ഫഌറ്റുകളിലെ പോരായ്‌മകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിഹാര നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ സി.കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.
സുനാമിഫഌറ്റുകളില്‍ മനുഷ്യവിസര്‍ജമടക്കമുള്ള മാലിന്യങ്ങളുടെ കേന്ദ്രീകൃത സംസ്‌കരണസംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമിതി വിലയിരുത്തി. ശുചിമുറികളിലെ അപാകതകള്‍ പൂര്‍ണമായും പരിഹരിക്കണം. കെട്ടിടങ്ങള്‍ക്ക് വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുന്നതിന് നിര്‍ദേശിക്കും. കുടിവെള്ളം ലഭ്യമാക്കുന്നതിന് നിലവിലുള്ള സ്രോതസുകള്‍ പുനരുദ്ധരിക്കണം. അതിന് സാധ്യമല്ലാത്ത ഇടങ്ങളില്‍ ജപ്പാന്‍കുടിവെള്ള പദ്ധതി, വാട്ടര്‍അതോറിറ്റി ഉള്‍പ്പടെയുള്ള ജലവിതരണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
ഫഌറ്റുകളിലെ ഇടറോഡുകള്‍ നിര്‍മിക്കുന്നതിന് പദ്ധതി തയ്യാറാക്കണമെന്നും സമിതി നിര്‍ദേശിക്കും. വിവിധ കേന്ദ്രങ്ങളിലെ ഫഌറ്റ് നിവാസികളില്‍ നിന്ന് സമിതി പരാതികള്‍ സ്വീകരിച്ചു. ഫഌറ്റുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ മെച്ചപ്പെടുത്തിയതിന് ശേഷം താമസക്കാരുടെ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച് തുടര്‍ന്നുള്ള നടത്തിപ്പ് ഏല്‍പ്പിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മണ്ണുമാന്തി കപ്പല്‍ ഹന്‍സിത തീരത്തടിഞ്ഞ പ്രദേശത്ത് സമിതി സന്ദര്‍ശനം നടത്തി. കപ്പല്‍ നീക്കാത്തതുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ക്കുള്ള ആശങ്ക സമിതി സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍പ്പെടുത്തും.
എഡിഎം ഐ.അബ്ദുള്‍ സലാം, ഡെപ്യൂട്ടി കളക്ടര്‍ സി.സജീവ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി.സുരേഷ്‌കുമാര്‍, ജില്ലാ ടൗണ്‍പ്ലാനര്‍ കെ.ബൈജു, ജലവിഭവവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഷിലു, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലോട്ടസ്, തഹസീല്‍ദാര്‍ പി.ആര്‍.ഗോപാലകൃഷ്ണന്‍, എംഎല്‍എമാരുടെ പ്രതിനിധികളായ കെ.പി.നന്ദകുമാര്‍, നിതിന്‍, അബ്ദുള്‍ സമദ് തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
















