വടകര: റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി നടക്കുന്ന വെജിറ്റബിള്‍ പ്രിന്റിംഗില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് പരാതി. സ്‌കൂള്‍ തലങ്ങളില്‍ ഇതിനായി പ്രത്യേക വിഷയങ്ങള്‍ ഇല്ലെങ്കിലും മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ വളരെയധികം ആവേശത്തോടെയാണ് എത്തിച്ചേരുന്നത്.
പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കരവിരുതില്‍ ഒന്നിനൊന്ന് മെച്ചമുള്ളതാണെങ്കിലും മത്സരം നടത്തേണ്ട രീതിയിലും വേദികളിലും മതിയായ സംവിധാനം ഒരുക്കുന്നതില്‍ സംഘാടകര്‍ പാടെ പരാജയപ്പെടുകയാണെന്നും പരാതി ഉയരുന്നുണ്ട്. വ്യത്യസ്ഥമായ രീതിയിലുള്ള മനോഹരമായ പ്രിന്റിംഗുകളാണ് ഇന്നലെയും ശാസ്ത്രമേളയില്‍ കാണാനായത്. പച്ചക്കറി വിഭവങ്ങളായ കാരറ്റ്, ഉരുളക്കിഴങ്, വെണ്ട, ചേമ്പ് തണ്ട് തുടങ്ങിയവയുടെ അറ്റം വളരെ വൃത്തിയായി ചെത്തിയെടുത്ത് കളറില്‍ മുക്കി വെള്ളത്തുണികളിലാണ് പ്രിന്റ് ചെയ്യുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, സാരികള്‍ തുടങ്ങിയവയിലും ഇത്തരത്തിലുള്ള പ്രിന്റിംഗാണ് ഉപയോഗിക്കുന്നതെന്നും ഇത്തരം കഴിവുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂള്‍ തലങ്ങളില്‍ വേണ്ടത്ര സജ്ജീകരണം ഒരുക്കണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
















