മലപ്പുറം: ഭാരതീയ ജനത ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന നൂറുല്‍ ഹുദ പൊതുസമ്മേളനവും പഠനശിബിരവും 23, 24 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കും. സന്മര്ഗത്തിലേക്കുള്ള വെളിച്ചം എന്ന അര്‍ത്ഥം വരുന്ന അറബിവാക്കായ നൂറുല്‍ ഹുദ എന്ന പേരാണ് പരിപാടിക്ക് നല്‍കിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയാണെന്ന പ്രചരണങ്ങള്‍ അസത്യമാണെന്ന് സമൂഹത്തിന്റെ മുന്നില്‍ തുറന്ന് കാണിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. തുല്യനീതിയെന്ന മുദ്രവാക്യവുമായി മുന്നോട്ടുപോകുന്ന ബിജെപിക്കൊപ്പം നില്‍ക്കാനാണ് ന്യൂനപക്ഷങ്ങള്‍ ആഗ്രഹിക്കുന്നത്. സമീപകാലത്ത് ജില്ലയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന ന്യൂനപക്ഷങ്ങളുടെ എണ്ണം അതിനുള്ള തെളിവാണ്. ബിജെപിയുടെ പോഷക സംഘടനയെന്ന നിലയില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലയില്‍ ശക്തമാണ്.
പുതിയതായി പാര്‍ട്ടിയിലേക്കെത്തിയ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം കൂടിയാണ് നൂറുല്‍ ഹുദ.
23ന് വൈകിട്ട് നാലിന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന പൊതുസമ്മേളനം ന്യൂനപക്ഷമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ.പത്മനാഭന് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകിട്ട് എട്ടിന് കെപിഎം റസിഡന്‍സിയില്‍ ബിജെപിയും മതന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് കുര്യന് സംസാരിക്കും.
24ന് രാവിലെ 10 മണിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പഠനശിബിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ.സി.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ വിഷങ്ങളില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.നസീര്‍, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് കെ.ദാമോദരന്‍ എന്നിവര്‍ ക്ലാസെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.സി.അഷറഫ്, വൈസ് പ്രസിഡന്റ് പി.പി.മുഹമ്മദ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: