പരപ്പനങ്ങാടി: കറുപ്പ് വെളുപ്പാക്കാന്‍ ഗ്രാമങ്ങളിലടക്കം കലാശക്കളി മുറുകുന്നു. പ്രാദേശികമായി ജോലിക്ക് പോകുന്ന സാധാരണ തൊഴിലാളികളെ നേടി അതിരാവിലെ തന്നെ ഏജന്റുമാരെത്തും. സ്വന്തം അക്കൗണ്ടില്‍ കാര്യമായ ബാലന്‍സ് ഇല്ലാത്തവര്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഒരു ദിവസത്തെ കൂലിയും ഒന്നുകൂടി മിനക്കെട്ടാല്‍ ആയിരങ്ങള്‍ അക്കൗണ്ടില്‍ വീഴും. ഏമാര് നല്കുന്ന ഒന്‍പത് അഞ്ഞൂറിന്റെ നോട്ടുകള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുക. അതിന് ശേഷം എടിഎമ്മില്‍ നിന്ന് നാലായിരം രൂപ പിന്‍വലിച്ച് നല്‍കുന്നതോടെ പണി തീരും. ബാക്കിയുള്ള അഞ്ഞൂറുരൂപ കമ്മീഷന്.
ഇത്തരത്തില്‍ ധാരാളം പേരെ ഉപയോഗപ്പെടുത്തിയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ കള്ളപ്പണം വെളുപ്പിക്കുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ആദ്യ രണ്ട് ദിവസങ്ങളില്‍ അത്യാവശ്യക്കാരുടെ തിരക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വെളുപ്പിക്കലിന്റെ പുതിയതന്ത്രം വെള്ളിയാഴ്ച മുതലാണ് തുടങ്ങിയത്.
സീറോ ബാലന്‍സ് അക്കൗണ്ടുള്ളവര്‍ വരെ അന്ന് മുതല്‍ ബാങ്കിന് മുന്നില്‍ പണം മാറ്റാന്‍ തിരക്കുകൂട്ടി. സ്ത്രീ തൊഴിലാളികളെയും വീട്ടമ്മമാരെയും ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നുണ്ട്. ബിപിഎല്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ വരി നിന്നവരൊക്കെ ബാങ്കിന് മുന്നിലേക്ക് മാറിയെന്ന് അര്‍ത്ഥം. ഗ്രാമപ്രദേശങ്ങളിലെ നിര്‍ധനരായ തൊഴിലാളികളെ ഉപയോഗിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. കള്ളപ്പണത്തിന്റെ കാണാപ്പുറങ്ങള്ക്കിപ്പുറം ദൃശ്യമായ ഈ തട്ടിപ്പ് അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇങ്ങനെ കൂലിക്ക് കാശുമാറാനെത്തിവര് കാരണം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ദിവസം ഒന്നിലധികം തവണ ഒരേ ആളുകള്‍ തന്നെ വിവിധ ബാങ്കുകളിലെത്തുന്നത് വലിയ തിരക്കിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: