ചാലക്കുടി: നടന് ദിലീപിന്റെ ചാലക്കുടിയിലുള്ള ഡി സിനിമാസ് തീയറ്ററില്‍ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതി ത്രിപുര തേലിയാമുറ മഹാറാണിപൂര്‍ സ്വദേശി മിത്തന്‍ സഹാജി(28)യെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ റൂറല്‍ എസ്പി ആര് നിശാന്തിനി രൂപീകരിച്ച പ്രത്യേക അന്വേക്ഷണ സംഘത്തിലെ പോലീസ് എസ്ഐ കെ.ഡി.ലോനപ്പനും സംഘവും ചേര്‍ന്ന് ത്രിപുര പോലീസിന്റെ സഹായത്തോടെ ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ ലെമ്പുച്ചുറയില് നിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് ഡി സിനിമാസില്‍ ക്ലീനിങ്ങ് ജോലിയില്‍ എത്തിയത്. ആഗസ്റ്റ് 29ന് അവസാന ഷോ കഴിഞ്ഞ ശേഷം ഇയാള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ജോലി കഴിഞ്ഞ് പോകുന്നതനിടയില്‍ പുറത്തേക്കുള്ള കുറ്റി തുറന്നിടുകയായിരുന്നു. പിന്നീട് താമസ സ്ഥലത്ത് പോയതിനുശേഷം തിരികെ വന്ന് ഓഫീസിന്റെ പൂട്ടുകള്‍ തകര്‍ത്ത് പണം മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ ആലുവയിലേക്ക് പോയി അവിടെ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തി.
പ്രതിയുടെ കൈവശത്തു നിന്നും മോഷണ മുതലില്‍ നിന്ന് 1,35,000 രൂപ വീട്ടില്‍ നിന്ന് കണ്ടെത്തി.ബാങ്കില്‍ 25,000 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ചാലക്കുടി കോടതിയില്‍ ഹാജരാക്കി തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി. വിവിധ സംഘങ്ങളായി തിരിഞ്ഞ് ത്രിപുര റൂറല്‍ സൈബര്‍ സെല്ലുകളുടെ സഹായത്തോടെ തമിഴ്നാട് ത്രിപുര എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: