എടത്വാ: ജനം കറന്‍സിക്ക് പിന്നാലെ പായുമ്പോള്‍ റേഷന്‍കാര്‍ഡിലെ ക്രമക്കേടിന് പരിഹാരമായില്ല. പ്രയോറിറ്റി ലിസ്റ്റിലും നോണ്‍പ്രയോറിറ്റി ലിസ്റ്റിലുമില്ലാത്തവര്‍ നെട്ടോട്ടത്തില്‍. കുട്ടനാട് താലൂക്ക് സപ്ലേഓഫീസിന്റെ കീഴില്‍ തലവടി പഞ്ചായത്തിലെ റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡിന്റെ കരടുപട്ടിക ലിസ്റ്റിലാണ് വ്യാപകക്രമക്കേട് കണ്ടത്.
പതിനൊന്നാം വാര്‍ഡ് മെമ്പറടക്കം 450 ഓളം ഗുണഭോക്താക്കള്‍ പട്ടികയില്‍ നിന്നും ഒഴിവായി. പരാതി പരിഹാരത്തിനായി ഇന്ന് നടക്കുന്ന അവസാന അദാലത്തില്‍പോലും ഒഴിവാക്കിയവര്‍ക്ക് സമയം അനുവദിച്ചിട്ടില്ല. പഞ്ചായത്ത് അധികൃതരുടേയും ഗുണഭോക്താക്കളുടേയും ചോദ്യത്തിന് മുന്നില്‍ താലൂക്ക് സപ്ലേഓഫീസര്‍മാര്‍ കൈമലര്‍ത്തുകയാണ്.
തലവടി ഗവ.വൊക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് റേഷന്‍കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്ത ഗുണഭോക്താക്കളുടെ ലിസ്റ്റാണ് കൂട്ടത്തോടെ തള്ളിപ്പോയത്. 81-ാം നമ്പര്‍ റേഷന്‍കടയില്‍ 90 ഗുണഭോക്താക്കളുടേയും, 83ല്‍ അന്‍പത്, 87ല്‍ എണ്‍പത്, 161ല്‍ എണ്‍പത്, 219ല്‍ എഴുപത് എന്നിങ്ങനെ നഷ്ടപ്പെട്ടതില്‍പെടുന്നു.
ആദ്യഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ കുട്ടനാട് തലവടി ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ ആലപ്പുഴ തലവടി ലിസ്റ്റില്‍ കടന്നുകൂടിയതായും ആക്ഷേപമുണ്ട്. കമ്പ്യൂട്ടറിലെ ഡേറ്റ തകരാറാണ് ലിസ്റ്റ് നഷ്ടപ്പെടാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ലിസ്റ്റിലില്ലാത്തവരെ ചേര്‍ക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല. നൂറുകണക്കിന് ഗുണഭോക്താക്കളാണ് പഞ്ചായത്തിലും, വില്ലേജിലും, സപ്ലേഓഫീസിലും കയറിയിറങ്ങുന്നത്. രണ്ടാംഘടത്തിലാണ് റേഷന്‍കാഡിന്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അഞ്ചുമാസംമുമ്പ് ആദ്യഘട്ടം പ്രസിദ്ധീകരിച്ചപ്പോള്‍ കാര്‍ഡിലെ തെറ്റ് തിരുത്തിനല്‍കണമെന്നും, ലിസ്റ്റില്‍ നിന്നുതള്ളിപ്പോയവരുടെ പേരുകള്‍ ചേര്‍ക്കണമെന്നും സപ്ലേഓഫീസ് അറിയിച്ചിരുന്നു.
ലിസ്റ്റില്‍നിന്ന് പുറംകള്ളിയവരുടെ അപേക്ഷ സ്വീകരിച്ചും, തെറ്റുതിരുത്തി നല്‍കിയവര്‍ക്കുമാണ് രണ്ടാംഘട്ടം പ്രസിദ്ധീകരിച്ചപ്പോള്‍ ഇരട്ടിതെറ്റ് കടന്നുകൂടിയത്.
















