മുള കേവലം പാഴ്മുളം തണ്ടാണെന്ന ധാരണ തിരുത്തുകയാണ് തിരുവനന്തപുരത്തെ സ്റ്റുഡിയോ ഓഫ് ട്രെഡീഷണല്‍ ആര്‍ട്സിലെ മുഖ്യകലാകാരി കെ.ശ്യാമളാകുമാരി. ഇവര്‍ വികസിപ്പിച്ചെടുത്ത പെന്സ്റ്റാന്റ്, വാള് ഹാംഗര്‍, ഫ്ളവര്‍വെയ്സ്, ബഡ്റൂം ലാംപ് തുടങ്ങിയ ഉല്‍പ്പനങ്ങളാണ് ശ്രദ്ധേയം. വരപ്പ് ഉപകരണങ്ങളോ എഴുത്ത് സാമഗ്രികളോ നിക്ഷേപിച്ച് മേശപ്പുറത്ത് സൂക്ഷിക്കാവുന്നവയാണ് പെന്സ്റ്റാന്റുകള്. ഒരേ അച്ചില്‍ വാര്‍ത്തെടുത്തതുപോലെ തോന്നാത്ത വ്യത്യസ്ത മ്യൂറല്‍ ഡിസൈനുകള്‍ കൈകൊണ്ട് വരച്ചിരിക്കുന്നു എന്നതും ഇവയെ ആകര്‍ഷകമാക്കുന്നു.
ഗ്രാമഗ്രാമാന്തരങ്ങളിലെ പരമ്പരാഗത തൊഴിലാളികളുടേയും കരകൗശല വിദഗ്ധരുടേയും അസംസ്കൃത വസ്തുവായ മുളയുല്‍പ്പന്നങ്ങളുടെ മേഖല എന്ന് വന്‍ വ്യവസായത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ചുവര്‍ചിത്രങ്ങള്‍ വരച്ചലങ്കരിച്ച മുളയുല്പ്പന്നങ്ങള്ക്കും വിദേശരാജ്യങ്ങളില്‍ പ്രിയമേറെയാണ്.
ലളിത സുന്ദരം, ഉപയോഗപ്രദം, പരിസ്ഥിതി സൗഹൃദം, കേരളപാരമ്പര്യത്തനിമ എന്നീ പ്രത്യേകതകളാല്‍ മോഹവിലയ്ക്കാണ് ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുന്നത്. അന്താരാഷ്ട്ര സെമിനാറിനെത്തുന്ന പ്രതിനിധികള്‍, പൊതുസമ്മേളനത്തിലെ വിശിഷ്ടാതിഥികള്‍, സ്കൂള്‍-കോളേജ്തലത്തിലെ മത്സരവിജയികള്‍, എന്നിവര്‍ക്കെല്ലാം സമ്മാനിക്കാവുന്നതാണ് ഈ ചിത്രാംഗിത മുളയുല്‍പ്പന്നങ്ങള്‍.
സമീപകാലത്തുണ്ടായ മ്യൂറല്‍ തരംഗമാണ് ശ്യാമളകുമാരിക്ക് ഇത്തരം പരീക്ഷണത്തിന് പ്രചോദനം. പുത്തന്മന്ദിരച്ചുവരുകളില് ചുവര്‍ചിത്രം വരച്ച് അലങ്കരിക്കുക, മണ്‍പാത്രങ്ങളിലെ ചുവര്ചിത്രാലങ്കാരങ്ങള്ക്കൊണ്ട് വീടലങ്കരിക്കുക, ചുവര്‍ചിത്രങ്ങള്‍ വരച്ച സാരി, നേര്യത്, ചുരിദാര്‍, ഷര്‍ട്ട് തുടങ്ങിയവ ധരിക്കുക എന്നിവ ആധുനിക അഭിരുചിയുടെ ഭാഗമാണ്. ടൂറിസം, ഐടി മേഖലകളില്‍ ചുവര്‍ചിത്രങ്ങള്‍ കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ടെന്ന് ശ്യാമളാകുമാരി പറയുന്നു.
പ്രകൃതിവര്‍ണങ്ങള്‍ വേപ്പിലയില്‍ ചാലിച്ച് ഇയ്യാംപുല്തൂലികകൊണ്ട് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന പരമ്പരാഗത കേരളീയ ചുവര്‍ച്ചിത്ര സാങ്കേതിക രീതിയിലാണ് ഇത്തരം മുളയുല്പ്പന്നങ്ങളിലും സ്വീകരിക്കുന്നത്. കാവിച്ചുവപ്പ്, മഞ്ഞക്കാവി, ഇലപ്പച്ച, ഹരിതനീലം, കരിമഷി എന്നിവയാണ് വര്‍ണ്ണക്കൂട്ടുകള്‍. പ്രകൃതി വര്‍ണങ്ങള്‍ക്ക് പകരം സമാന നിറങ്ങളില്‍ അക്രിലിക് ചായങ്ങളും ഉപയോഗിക്കാറുണ്ട്.
കലാവാസനയും ഒപ്പം സമയവുമുള്ള ആര്‍ക്കും ചെയ്യാവുന്നതാണ് മുളംതണ്ടിലെ ചിത്രാലങ്കാരം. കൂടാതെ ഒരാദായ മാര്‍ഗ്ഗം കൂടിയാണിത്. കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രധാന മുളയുല്‍പ്പന്ന കേന്ദ്രങ്ങളിലും സ്റ്റുഡിയോ ഓഫ് ട്രെഡീഷണല്‍ ആര്‍ട്ട്സിലും ശ്യാമളാകുമാരി പരിശീലനവും നല്‍കുന്നുണ്ട്. കല്‍പ്പറ്റയിലെ ഭവന്‍സ് ആര്‍ട്സ്, തൃക്കൈപ്പറ്റയിലെ ഉറവ്, പാലോട് ട്രെഡീഷണല്‍ ആര്‍ട്ടിഫാക്ട് എന്നീ സ്ഥാപനങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇവ ഉല്പാദിപ്പിക്കുന്നുണ്ട്.
കേരള ഷോപ്പിങ് ഫെസ്റ്റിവല്‍, കേരള ടൂറിസത്തിന്റേയും വനിതാ വികസന കോര്‍പ്പറേഷന്റേയും കരകൗശല മേളകള്‍, ബാംബു ഫെസ്റ്റ്, ഇന്ത്യ- ഇന്റര്‍നാഷണല്‍ വിപണമേളകള്‍ എന്നിവയാണ് പ്രധാന വിപണന ശ്യംഖല. ന്യൂദല്‍ഹി ആസ്ഥാനമായ ദളിത് സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ സാവിത്രിഭായ് ഫൂലെ ദേശീയ പുരസ്കാര ജേതാവാണ് ശ്യാമളാകുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: