തൃശൂര്‍: ദളിത് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസൊതുക്കാന്‍ ശ്രമിക്കുന്നതായി പരാതി. പൈങ്കുളം ചുണ്ടങ്ങാട്ട് കോളനിയില്‍ ഉണ്ണികൃഷ്ണ (39)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ബിവറേജസില്‍ പോയി മദ്യം വാങ്ങിവരാന്‍ നിര്‍ദ്ദേശിച്ചത് അനുസരിക്കാഞ്ഞതിനെത്തുടര്ന്ന് ഉണ്ണികൃഷ്ണനെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. അവശരായ ഉണ്ണികൃഷ്ണനെ ചാക്കില്‍കെട്ടി പൈങ്കുളത്തെ കള്ളുഷാപ്പിന് മുന്നില്‍ കൊണ്ടുപോയിട്ടു. നാട്ടുകാര്‍ കണ്ട് മോചിപ്പിക്കുമ്പേഴോക്കും ഇയാള്‍ അവശനിലയിലായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി സിഐക്ക് പരാതി നല്‍കിയെങ്കിലും പ്രതികള്‍ക്കെതിരെ നിസ്സാരവകുപ്പ് മാത്രമാണ് ചുമത്തിയത്.
രണ്ടുപ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടു. മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ മുഖ്യപ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആകെ നാലുപേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ചെറുതുരുത്തി എസ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ഉണ്ണികൃഷ്ണന്റെ വീട്ടുകാര്‍ ആരോപിച്ചു. കൂലിപ്പണിക്ക് പോയി കുടുംബം പുലര്‍ത്തുന്നയാളാണ് ഉണ്ണികൃഷ്ണന്.
അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ്.സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് പ്രതികള്‍ക്കെതിരെ നടപടി എടുക്കാത്തതിന് പിന്നിലെന്നാണ് സൂചന. ഇടതു കണ്ണിന് തകരാറ് സംഭവിച്ചു. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവരും. മൂക്കിന്റെ എല്ല് തകര്‍ന്ന നിലയിലാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: