പന്തളം: മണ്ഡല-മകരവിളക്കു കാലത്ത് പന്തളം വലിയ കോയിക്കല്ക്ഷേത്രത്തില് സേവനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കു താമസിക്കാന്‍ നഗരസഭ വാടകയ്ക്കെടുത്ത കെട്ടിടം ഉപയോഗയോഗ്യമായില്ല.
ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ മൂന്നു മുറികളും ഹാളും ഉള്‍പ്പെടുന്ന പണി പൂര്‍ത്തിയാകാത്ത കെട്ടിടമാണ് നഗരസഭ 4 ലക്ഷം രൂപ വാടകയ്ക്കെടുത്തത്. മണ്ഡല ഉത്സവം തുടങ്ങുന്ന അന്നു മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കേണ്ട അഗ്നിശമന രക്ഷാസേന, അലോപ്പതി-ആയുര്‍വ്വേദ-ഹോമിയോ ഡിസ്പെന്‍സറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനും ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും വിശുദ്ധി സേനാംഗങ്ങള്‍ക്കും താമസിക്കുന്നതിനുമായാണ് കെട്ടിടം വാടകയ്ക്കെടുത്തത്. എന്നാല്‍ മണ്ഡല ഉത്സവം നാളെ ആരംഭിക്കുമെന്നിരിക്കെ, ഈ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. കെട്ടിടത്തിനു തറയിടുന്ന പണികളും വയറിംഗ് ഉള്‍പ്പെടെയുള്ള പണികളും ഇനിയും ബാക്കിയാണ്. ഇവയെല്ലാം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും. ഇതോടെ മേല്പറഞ്ഞ സേവനങ്ങളൊന്നുംതന്നെ ഇവിടെ സജ്ജമാകാന്‍ വൈകുന്ന അവസ്ഥയാണ്. നാളെയാണ് തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതെങ്കിലും ഇന്നലെ മുതല്‍ തന്നെ ഇവിടേക്ക് തീര്ത്ഥാടകരെത്തിത്തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു ദിവസം മുമ്പുതന്നെ ഇത്തരം സര്‍വ്വീസുകള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിക്കുവാന്‍ സൗകര്യമൊരുക്കിയിരുന്നു.
സര്‍ക്കാര്‍ മാനദണ്ഡത്തിനു വിരുദ്ധമായി പിഡബ്ല്യൂഡി നിര്‍ദ്ദേശിക്കുന്ന വാടകയുടെ മൂന്നിരട്ടി നല്‍കിയാണ് ഈ കെട്ടിടം വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. മുന്‍കാലങ്ങളില്‍ താല്‍ക്കാലികമായി കെട്ടുന്ന അസൗകര്യം നിറഞ്ഞ ഷെഡുകളിലായിരുന്നു മേല്‍പ്പറഞ്ഞ സര്‍വ്വീസുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ജീവനക്കാര്‍ താമസിച്ചിരുന്നതും. ഇതിനു പരിഹാരമുണ്ടാക്കണമെന്ന് വിളിച്ചു ചേര്‍ത്ത അവലോകനയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ മറപിടിച്ചാണ് വന്‍തുക നല്കി പണിതീരാത്ത കെട്ടിടം വാടകക്കെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: