കണ്ണൂര്‍: ആത്മീയ ജ്ഞാനത്തിലൂടെ കുടുംബിനികള്‍ക്ക് സമാധാനം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു. യോഗം വനിതാസംഘം മലബാര്‍ മേഖലാ നേതൃത്വസംഗമം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബിനികള്‍ക്ക് ആത്മീയ അറിവ് പകര്‍ന്നുകൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നല്ല സമൂഹം വാര്‍ത്തെടുക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നല്ല സമൂഹത്തില്‍ മാത്രമേ ശാന്തി നിലനില്‍ക്കുകയുള്ളൂ. അശാന്തിയുടെ വിത്തുകള്‍ വളമില്ലാതെ വളരുന്ന സ്ഥലമാണ് നമ്മുടേത്. അറിവ് ഉണ്ടാക്കുകയാണ് പ്രധാനം. ജാതിയുടെ പേരില്‍ അക്കാദമികള്‍ തുടങ്ങുന്നവരാണ് എസ്എന്‍ഡിപിയോട് ജാതി പറയരുതെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വനിതാസംഘം പ്രസിഡണ്ട് കെ.പി.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. വനിതാ സംഘം കോ-ഓര്‍ഡിനേറ്റര്‍ രമേഷ് അടിമാലി, ബേബി റാം, കെ.കെ.ധനചന്ദ്രന്‍, പി.സി.രഘുറാം, രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. ആത്മീയതയിലൂടെയുളള കുടുംബ ഭദ്രതയും സമാധാനവും എന്ന വിഷയത്തില്‍ പായിപ്ര മദനന്‍, നേതൃത്വവും വെല്ലുവിളികളും എന്ന വിഷയത്തില്‍ പി.എ.അബ്ദുസമദ് തുടങ്ങിയവര്‍ ക്ലാസെടുത്തു. അഡ്വ.സംഗീത വിശ്വനാഥന്‍ സ്വാഗതവും സതി നാരായണന്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ യൂണിയനുകളിലെ വനിതാ സംഘം ഭാരവാഹികളും യൂണിയന്‍ നേതാക്കളും പങ്കെടുത്ത നേതൃത്വ സംഗമം ഇന്നലെ സമാപിച്ചു. ആചാരാനുഷ്ഠാനങ്ങളിലെ ശാസ്ത്രീയത എന്ന വിഷയത്തില്‍ ഡോ.ശ്രീനാഥ് കാര്യാട്ട്, എസ്എന്‍ഡിപി യോഗവും സമകാലിക രാഷ്‌ട്രീയവും എന്ന വിഷയത്തില്‍ പി.ടി.മന്‍മഥന്‍ എന്നിവര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. ഗീത റാവു, രാധാമണി എന്നിവര്‍ സംസാരിച്ചു.
















