കുന്നത്തൂര്‍: ഓട്ടോസ്റ്റാന്‍ഡ് മാറ്റവുമായി ബന്ധപ്പെട്ട് ഭരണിക്കാവ് ടൗണിലെ സംഘര്‍ഷാവസ്ഥ കനക്കുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരം നിലവിലെ സ്റ്റാന്‍ഡ് മാറ്റിയത് ഇപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അധികൃതരുടെ പിടിപ്പുകേട് മൂലം കഴിഞ്ഞ മൂന്ന് ദിവസമായി തൊഴിലാളികള്‍ പട്ടിണിയിലാണ്. അതിനിടയിലാണ് വ്യാപാരിവ്യവസായി ജില്ലാസെക്രട്ടറി പി.കെ.ഷാജഹാന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി അധികൃതര്‍ രംഗത്തെത്തി തൊഴിലാളികളെ പീഡിപ്പിക്കുന്നത്.
പോലീസ് നിര്‍ദ്ദേശപ്രകാരമാണ് തൊഴിലാളികള്‍ നാല് റോഡിലും വാഹനമിട്ട് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ ഓട്ടോ പാര്‍ക്കിംഗ് മൂലം കച്ചവടം കുറഞ്ഞു എന്നാരോപിച്ച് ബേക്കറി ഉടമ കൂടിയായ ഷാജഹാനും മകന്‍ ആസാദും ചേര്‍ന്ന് മുതപിലാക്കാട് സ്വദേശി ശ്രീകാന്തിന്റെ ഓട്ടോയുടെ പിന്നിലെ ഗ്ലാസ് തകര്‍ത്തിരുന്നു. സിപിഐ നേതാവ് കൂടിയായ ഇയാളുടെ രാഷ്‌ട്രീയസ്വാധീനത്തിന് വഴങ്ങി പഞ്ചായത്ത്, പോലീസ്, മോട്ടോര്‍വകുപ്പ് അധികൃതര്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നതായാണ് ആരോപണം.
ശാസ്താംകോട്ട സിഐ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ എത്തി വ്യാപാരി നേതാവിന്റെ കടയുടെ മുന്നില്‍ നിന്നും ഓട്ടോ മാറ്റിയിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തൊഴിലാളികള്‍ ഇത് അംഗീകരിച്ചില്ല. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വ്യാപാരിനേതാവിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് അധികൃതരുടെ ശ്രമം. ഭരണിക്കാവ് ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം അട്ടിമറിച്ചതും ഇതേ വ്യാപാരിരാഷ്‌ട്രീയ ലോബികളാണ്. ഓട്ടോസ്റ്റാന്‍ഡിന് പുതിയ സ്ഥലം കണ്ടെത്തണം എന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. സ്ഥലം എംഎല്‍എ യായ കുഞ്ഞ് മോനോ, ശാസ്താംകോട്ട പഞ്ചായത്ത് ഭരണസമിതിയോ ഇതിന് പരിഹാരം കാണാന്‍ ശ്രമിച്ചില്ല. ഈ അലംഭാവമാണ് പ്രശ്‌നം കൂടുതല്‍ വളാക്കിയത്.
















