കൊച്ചി: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതു വഴി, കള്ളപ്പണം കൊണ്ട് കൊഴുത്ത്, 50,000 കോടി രൂപ നിക്ഷേപത്തിലെത്തി തിടംവച്ച കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖല തീവ്രപ്രതിസന്ധിയില്പെട്ടു. ആദ്യമായി, ആദായനികുതി വകുപ്പ്, ഈ ബാങ്കുകള്‍ക്കു മേല്‍ പിടിമുറുക്കുന്നതാണ് കാരണം.
ഈ ബാങ്കുകളിലെ കള്ളപ്പണത്തെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോള്‍, ഇടപാടുകാര്‍ എടുത്ത വായ്പയുടെ തിരിച്ചടവിനു മടിക്കുക മാത്രമല്ല, നിക്ഷേപകര്‍ നിക്ഷേപം തിരിച്ചുചോദിച്ച് പരിഭ്രാന്തരായി, ‘റണ്‍’ ആരംഭിക്കുമെന്ന ശങ്കയിലാണ്, സഹകരണ മേഖല. ഒരു ബാങ്ക് പൊട്ടുമെന്ന സംശയമുണ്ടാകുമ്പോള്‍, നിക്ഷേപകര്‍ കൂട്ടമായി, ബാങ്കിനെ വലയം ചെയ്യുന്നതാണ്, ‘റണ്‍.’
െമാത്തം നിക്ഷേപത്തിന്റെ 22.5 ശതമാനം സരളധനം (Liquidity) ആയി ബാങ്കില്‍ വേണമെന്നാണ് റിസര്‍വ് ബാങ്ക് നിബന്ധന. കരുതല്‍ധനമായി മൂന്നു ശതമാനം വേറെയും. ഇത് സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്. ‘റണ്‍’ ഉണ്ടായാല്‍, അത് ഇവയെ ബാധിക്കും. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി (Non performing asset NPA) വര്‍ധിക്കുകയും ഈ അവസ്ഥകള്‍ ഉണ്ടാകുകയും ചെയ്താല്‍, സഹകരണ മേഖലയ്ക്കു തിരിച്ചടി ഉറപ്പാണ്; എന്നാലും, അടിത്തറ ശക്തമായതിനാല്‍, മേഖല മൊത്തത്തില്‍ തകരില്ല.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേതിനെക്കാള്‍ ശക്തമാണ് കേരളത്തിലെ സഹകരണ മേഖല എന്നതിനാല്‍, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകമായി കേന്ദ്രം ശ്രദ്ധിച്ചിട്ടില്ല. പണമിടപാടില്‍ പല സൂത്രപ്പണികളും നടത്തുന്ന ഈ മേഖല, ആദായനികുതി വകുപ്പ് പിടിമുറുക്കിയതോടെ, മര്യാദക്കാരാകേണ്ടിവന്നു. ഇടപ്പള്ളിയിലും വെണ്ണലയിലും പരിശോധനക്ക് മുന്‍പ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെന്നപ്പോള്‍, ബാങ്കുകാര് അടിച്ചോടിക്കുകയായിരുന്നു.
കേന്ദ്രതീരുമാനത്തിനു ശേഷവും കള്ളപ്പണം വെളുപ്പിക്കാന്‍ കേരളത്തില്‍ സഹകരണ ബാങ്കുകള്‍ ഉപയോഗിക്കപ്പെടുന്നു എന്നു കണ്ടതിനാലാണ്, ആദായനികുതി വകുപ്പ് പിടിമുറുക്കിയത്. വായ്പാ തിരിച്ചടവിന് കള്ളപ്പണം ഉപയോഗിക്കാം. കള്ളപ്പണക്കാര്‍ വളരെക്കാലമായി, സ്വര്‍ണം തിരിച്ചെടുക്കാനും, വായ്പ തിരിച്ചടയ്ക്കാനും ഇടപാടുകാര്‍ക്ക് വന്‍ തുകകള്‍ നല്കി, ചെക്ക് വാങ്ങി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനാല്‍, 10 ലക്ഷത്തിനു മേല്‍ നിക്ഷേപമുള്ള എല്ലാവരുടെയും പേരുവിവരം, ആദായനികുതി വകുപ്പ് സഹകരണ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമേഖഖലാ ബാങ്കുകള്‍ നിര്‍ബന്ധിക്കുന്ന രേഖകള്‍, പ്രത്യേകിച്ചും പാന്‍ കാര്‍ഡ് ചോദിക്കാതെയാണ്, പ്രാഥമിക സഹകരണ ബാങ്കുകള്‍ അക്കൗണ്ട് നല്‍കുന്നത്. അര്‍ബന്‍ സഹകരണ ബാങ്കുകളെക്കാള്‍, ഇവയാണ് പ്രതിസന്ധിയിലാകാന്‍ പോകുന്നത്. മൂന്നു വര്‍ഷങ്ങളായി ആദായനികുതി റിട്ടേണ്‍ ചോദിക്കുന്നുണ്ടെങ്കിലും, ഇവ അതു നല്‍കിയിട്ടില്ല. ഇനി നല്‍കിയേ പറ്റൂ. പ്രാഥമിക സഹകരണ ബാങ്കുകളില്‍ അമ്പരിപ്പിക്കും വിധമാണ് നിക്ഷേപം- 2002 ല്‍ തുടങ്ങിയ കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലുള്ള നിക്ഷേപം, 900 കോടി രൂപയാണ്; കോഴിക്കോട്ടും മലപ്പുറത്തും വന്‍തോതിലാണ്, കള്ളപ്പണ നിക്ഷേപം. പൊതുമേഖലാ ബാങ്കുകള്‍ പരസ്പര ബന്ധിതമായതിനാല്‍, ഒരു ബാങ്കില്‍ നടക്കുന്ന വിനിമയം മറ്റു ബാങ്കുകൡലറിയാം; സഹകരണ ബാങ്കുകള്‍ പരസ്പര ബന്ധിതമല്ല. അതിനാല്‍, ഇപ്പോള്‍ വന്ന പല നിബന്ധനകളും ഇവയ്ക്കു ബാധകമല്ല.
കേന്ദ്രനടപടി, സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്ന സിപിഎമ്മിനെ ബാധിച്ചിട്ടുണ്ടാകാം; മോദിയുടെ പ്രഖ്യാപനം വന്നശേഷം പ്രാഥമിക സഹകരണ ബാങ്കുകള്‍ കേരളത്തില്‍ തുറന്ന് 8000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി പറയപ്പെടുന്നു. സഹകരണ ബാങ്കുകളുടെ മിക്കവാറും ഭരണസമിതികള്‍ സിപിഎമ്മിന്റേതാണ്. അവരെ അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്; എന്നാല്‍ നിക്ഷേപകര്‍ ഭൂരിപക്ഷവും, അംഗങ്ങളല്ല. നിക്ഷേപകര്‍ ആദ്യമായി രംഗം നിയന്ത്രിക്കാന്‍ പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: