കല്‍പ്പറ്റ :ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14മുതല്‍ 20 വരെ ചൈല്ഡ്ലൈന് സേ ദോസ്തി ക്യാമ്പയിന് ആചരിക്കും. ശിശുക്ഷേമ കൗണ്‍സില്‍, സാമൂഹ്യനീതിവകുപ്പ്, ചൈല്‍ഡ് ലൈന്‍, ടൂറിസംപ്രമോഷന്‍ കൗണ്‍സില്‍, ശിശുസംരക്ഷണ യൂണിറ്റ്, വിദ്യാഭ്യാസവകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍. കല്‍പ്പറ്റ ഗവ.എല്‍പി സ്കൂളില്‍ നാളെ 10മുതല്‍ കുട്ടികള്‍ക്കായി മത്സരങ്ങള്‍ നടക്കും. വേദി ഒന്നില്‍ ഹൈസ്കൂള്‍വിഭാഗം കുട്ടികള്‍ക്ക് ക്വിസ്മത്സരം,വേദി രണ്ടില്‍ എല്‍പി വിഭാഗം ചിത്രരചനാ മത്സരം, വേദി മൂന്നില്‍ യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം,വേദി നാലില്‍ അംഗണ്‍വാടി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം, വേദി അഞ്ചില്‍ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരം എന്നിവ നടക്കും. നവംബര്‍ 15ന് രണ്ടിന് കുപ്പാടി ഗവ.ഹൈസ്കൂളില്‍ ഫലപ്രദമായ രക്ഷാകര്‍തൃത്ത്വവും കുട്ടികളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണക്ലാസ്സ് നടക്കും. 16ന് ഉച്ചയ്ക്ക് 2 ന് പനമരം ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്ററില്‍ അദ്ധ്യാപക പരിശീലനാര്‍ത്ഥികള്‍ക്കായി കുട്ടികളുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. 17ന് തിരുനെല്ലിയിലെ അപ്പപ്പാറ ഗിരിവികാസ് സ്കൂളില്‍ കുട്ടികള്‍ക്ക് ജീവിത നൈപുണ്യ പരിശീലനം നല്‍കും. 18ന് പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കലാപരപാടികളും കരകൗശല പ്രദര്ശനവുംനടക്കും. 19ന് നല്ലൂര്‍നാട് എം.ആര്.എസ്സില്‍ ഇഷ്ടബാല്യം എന്ന പേരില്‍ കുട്ടികള്‍ക്കായി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കും. 20ന് നൂല്‍പ്പുഴ എഎംആര്‍ സ്കൂളില്‍ ബാലവിവഹാങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സും നടത്തും. വിവിധമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ് ക്ലാസ്സെടുക്കുക.
നാളെ ഉച്ചയ്ക്ക് 12.30ന് കല്‍പ്പറ്റ ഗവ.എല്‍പിസ്കൂളില്‍ ജില്ലാതല ശിശുദിനാഘോഷം സി.കെ.ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ക്യാമ്പെയിന് ജില്ലാകളക്ടര്‍ ഡോ.ബി.എസ്.തിരുമേനി ഉദ്ഘാടനം ചെയ്യും. നഗരസഭചെയര്‍പേഴ്സണ്‍ ബിന്ദുജോസ് അദ്ധ്യക്ഷത വഹിക്കും. സബ്കളക്ടര്‍ ശീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തും. ചൈല്‍ഡ് വെള്ഫെയര് കമ്മറ്റി ചെയര്മാന് ഫാ.തോമസ് തേരകം ശിശുദിന സന്ദേശം നല്‍കും. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: