പുലാമന്തോള്‍: പാലൂരില്‍ വീണ്ടും സൂര്യകാന്തി പാടങ്ങള്‍ പൂത്തു നിന്നത് നാട്ടുകാര്‍ക്ക് കൗതുകമായി. എന്നാല്‍ ഈ തവണ വടക്കന്‍ പാലൂരിലാണ് അതി വിപുലമായി സൂര്യകാന്തി ചെടികള്‍ പൂത്തുലഞ്ഞ് നിന്നത്. പുലാമന്തോള്‍ തിരുനാരായണപുരത്തെ ചോലപറമ്പത്ത് ശശിധരന്റെ പാട്ടത്തിനെടുത്ത ഒരു ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് സൂര്യകാന്തി കൃഷി ചെയ്തത്.
രണ്ട് വര്‍ഷം മുമ്പ് സൂര്യകാന്തി കൃഷി പരീക്ഷണം നടത്തിയിരുന്നെങ്കിലും അന്ന് വിജയം കൈവരിച്ചില്ല. എന്നാല്‍ നല്ല ഇനം സൂര്യകാന്തി വിത്തുകളെ തേടി ശശിധരന് ഹൈദ്രാബാദ് വരെ എത്തി ഒടുവില്‍ ഹൈദ്രബാദില്‍ നിന്നും വാങ്ങിയ സൂര്യകാന്തി വിത്തുകളുമായി മലയാള നാട്ടിലെ റാബി സീസണില്‍ സൂര്യകാന്തി കൃഷി ചെയ്തെടുത്തതോടെ വടക്കന്‍ പാലൂരിലെ കൃഷി പാടങ്ങള്‍ സൂര്യകാന്തി പൂക്കളാല്‍ നിറഞ്ഞു നിന്നു. കേരളത്തിലെ കാലാവസ്ഥാടിസ്ഥാനത്തില്‍ നവംബര്‍ അവസാനഘട്ടങ്ങളില്‍ സൂര്യകാന്തി കൃഷിക്ക് അനുയോജ്യമാണെന്നും ഈ കര്ഷകന് പറയുന്നു.
മൂന്നു മാസം കൊണ്ട് വിളവെടുക്കാന്‍ സാധിക്കുന്ന ഈ സൂര്യകാന്തി ചെടികള്‍ 60 ദിവസമായപ്പോഴേക്കും പൂക്കളാല്‍ നിറഞ്ഞു നിന്നു.സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായി പാടത്ത് പ്രത്യേകം തടമെടുത്താണ് ഇത്തവണ വിത്തിറക്കിയത്. എന്നാല്‍ നേരിയ രീതിയില്‍ മഴ പെയ്തത് വെല്ലുവിളിയായി. പാടശേഖരത്തില്‍ പ്രത്യേക കനാലുകള്‍ നിര്‍മ്മിച്ച് മഴവെള്ളത്തെ ഒഴുക്കിവിട്ടതോടെ ചെടികളെല്ലാം പെട്ടെന്നു തന്നെ ഉയര്‍ന്നുവന്നു. സൂര്യകാന്തി പൂക്കള്‍ ഗവേഷണാടിസ്ഥാനത്തിന് വിരിഞ്ഞു നിന്നതോടെ തൃശൂരിലെ ഒരു കമ്പനിയുമായി ശശിധരന് കരാറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകാന്തി പൂക്കള്‍ ഉപയോഗിച്ച് എണ്ണ ഉത്പാദിപ്പിക്കുന്നതോടൊപ്പം ചെടികള്‍ ഉണങ്ങിയാല്‍ വിറകാവശ്യത്തിനും ഉപയോഗിക്കാം.
സൂര്യകാന്തി കൃഷി കൂടാതെ വെണ്ട, വഴുതനങ്ങ, ചേന, ചേമ്പ്, കൂര്‍ക്ക, വ്യത്യസ്ഥ ഇനം കുവ്വകള്, മഞ്ഞള്‍, എന്നിവയുമൊക്കെയുണ്ട് ശശിധരന്റെ ഈ കൃഷി തോട്ടത്തില്‍. സംസ്ഥാന അവാര്‍ഡുകളടക്കം എട്ടോളം പുരസ്ക്കാരങ്ങള്‍ ഇതിനോടകം ഈ കര്ഷകന് നേടി കഴിഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് ശശിധരന് ചെയ്തതടുത്ത ഗോപിക എന്ന പേരിലുള്ള കര നെല്‍കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരുന്നു അന്നും നിരവധി പുരസ്ക്കാരങ്ങള്‍ ശശിധരനെ തേടിയെത്തിയിരുന്നു.
പുലാമന്തോള്‍ പഞ്ചായത്തില്‍ പാലൂര് ചെട്ടിയങ്ങാടിയില്‍ കഴിഞ്ഞ വര്‍ഷം പാലൂരിലെ കര്‍ഷകനായ സുകുമാരന്‍ പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യകാന്തി കൃഷി ചെയ്തെടുത്തതും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: