കാസര്‍കോട്: ജില്ലയില്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സൂക്ഷ്മതയോടെയും സമയബന്ധിതമായും പൂര്‍ത്തീകരിക്കണമെന്ന് പി കരുണാകരന് എം പി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല വികസന ഏകോപനത്തിനും മേല്നോട്ടത്തിനുമുളള (ഡിഡിസിഎംസി-ഡിഷ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ ഗ്രാമതലങ്ങളില്‍ ആസ്തികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ നടപ്പാക്കണം. എല്ലാ ബ്ലോക്ക് പരിധിയിലെയും മുഴുവന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കണം. വരള്‍ച്ച കണക്കിലെടുത്ത് കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകുടുംബങ്ങളിലെ അമ്മമാര്‍ക്ക് ദേശീയ ഗ്രാമീണ ഉപജീവന് മിഷന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ സമഗ്ര റിപ്പോര്‍ട്ട് നല്‍കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാത്ത ഗ്രാമപഞ്ചായത്തുകള്‍ ജനുവരിയില്‍ ലക്ഷ്യം കൈവരിക്കണമെന്ന് എം പി നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയില്‍ ന്യൂനപക്ഷം ഒഴികെയുളള പൊതുവിഭാഗത്തിന് ജില്ലയ്ക്ക് 1240 വീടുകളാണ് അനുവദിച്ചിട്ടുളളത്. പുതിയഗ്രാമസഭ ലിസ്റ്റില്‍ നിന്നും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അനുമതിയില്ലാത്തതും പദ്ധതിയെ ബാധിക്കുന്നു. സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ജില്ലയില്‍ നടത്തുന്ന ഏഴ് പ്രൊജക്ടുകളും പൂര്‍ത്തീകരിച്ച പദ്ധതികളുടെ തുക ഉടന്‍ അനുവദിക്കണം. കാസര്‍കോട് നഗരസഭയില്‍ നടപ്പാക്കുന്ന ദേശീയനഗര ഉപജീവന മിഷന് ജില്ലയിലെ മറ്റ് നഗരസഭകളില്‍ കൂടി നടപ്പിലാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ജലഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകള്‍ ജലക്രാന്തി അഭിയാന്റെ ഭാഗമായുളള പദ്ധതികളുടെ നടത്തിപ്പിന് ഏകോപനമാവശ്യമാണെന്ന് യോഗം വിലയിരുത്തി. നിലവില്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്ത അങ്കണവാടികളെക്കുറിച്ച് പഞ്ചായത്ത് തലത്തിലുളള റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ അനില്‍ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കുടുംബശ്രീ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഡീനഭരതന്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ഡോ. പി കെ ജയശ്രീ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍ എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും വിവിധ വകുപ്പുകളുടെ ജില്ലാതലമേധാവികളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: