ന്യൂദല്‍ഹി: നാടകീയസംഭവങ്ങള്ക്കൊടുവില്, മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസയക്കാന്‍ സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതിയിലെ 7 മുതിര്‍ന്ന ജഡ്ജിമാരെ പേരെടുത്ത് വിമര്‍ശിച്ച് ബ്ലോഗെഴുതിയതിനാണ് നടപടി. ഉടന്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.
നീതിന്യായ ചരിത്രത്തില്‍ ആദ്യമായി, കോടതി വിധിയെ വിമര്‍ശിച്ച മുന്‍ ജസ്റ്റീസിനെ വിളിച്ചുവരുത്തിയ സുപ്രീംകോടതി, രൂക്ഷ ഭാഷയിലാണ് കട്ജുവിനോട് പ്രതികരിച്ചത്. ഒരു ഘട്ടത്തില്‍ കോടതിക്ക് പുറത്താക്കാനുമൊരുങ്ങി. ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്)യുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് കട്ജു ബ്ലോഗ് എഴുതിയാണ് സംഭവങ്ങളുടെ തുടക്കം. ഫേസ് ബുക്കിലും മാധ്യമ അഭിമുഖത്തിലും സുപ്രീംകോടതി വിധിയെയും ജഡ്ജിമാരെയും കട്ജു വിമര്‍ശിച്ചു. ജഡ്ജിമാരെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചു.
കേസിലെ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കട്ജു കോടതിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചത്.
കോടതിയിലെത്തിയ കട്ജുവിന് വിശദീകരിക്കാന്‍ അരമണിക്കൂറാണ് കോടതി അനുവദിച്ചത്. ഒരു മണിക്കൂര്‍ വാങ്ങിയ കട്ജുവിന്റെ വാദത്തിനു ശേഷം ഹര്‍ജി തള്ളി. തുടര്‍ന്നാണ് കട്ജുവിന്റെ പ്രസ്താവനകള്‍ക്കെതിരെ കോടതി തിരിഞ്ഞത്. കട്ജുവിന്റെ പരാമര്‍ശങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ മൂന്നു കോപ്പികളില്‍ ജസ്റ്റിസ് ഗഗോയ് കട്ജുവിനും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിക്കും കോപ്പി നല്കി. തുടര്‍ന്ന് കോടതിലയക്ഷ്യ നടപടിക്ക് കട്ജു വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ഗഗോയ് ആവശ്യപ്പെട്ടു.
കട്ജുവിന്റെ പരാമര്‍ശങ്ങളില്‍ ചിലത് കോടതിയലക്ഷ്യമാണെങ്കിലും കടുത്ത നടപടികള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് എജി രോഹ്തഗി അഭ്യര്‍ത്ഥിച്ചു.
വിധിയെപ്പറ്റി തന്റെ അഭിപ്രായമാണ് പറഞ്ഞത്, പത്രങ്ങള്‍ എഴുതുന്നതു പോലെ എഴുതാന്‍ തനിക്കും സ്വാതന്ത്ര്യമുണ്ട് എന്ന് കട്ജു വിശദീകരിച്ചു. കടുത്ത നടപടിക്ക് കോടതിയെ പ്രേരിപ്പിക്കരുത് എന്ന ജസ്റ്റിസ് ഗഗോയുടെ താക്കീതിന്, തനിക്ക് ഭയമില്ല, പേടിക്കില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് കോടതിയെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കരുതെന്ന് ഗഗോയ് മൂന്നുതവണ കട്ജുവിന് താക്കീത് നല്കി.ആരെങ്കിലും ഇദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോകൂ എന്ന് ഗാര്ഡുമാരോട് ജസ്റ്റിസ് ഗഗോയ് ആജ്ഞാപിച്ചു.
സഹജഡ്ജിമാരും അഭിഭാഷകരും പുറത്താക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ കട്ജു വിധിന്യായത്തെയല്ല, ന്യായാധിപരെയാണ് വിമര്‍ശിച്ചതെന്നും കോടതിയലക്ഷ്യത്തിന് നോട്ടീസയക്കുകയാണെന്നും നിര്‍ദ്ദേശിച്ച് ഗഗോയ് എണീറ്റതോടെ മണിക്കൂറുകള്‍ നീണ്ട പിരിമുറുക്കം അവസാനിച്ചു.
ഏഴു ജഡ്ജിമാരെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് മാപ്പു പറയുകയോ പ്രസ്താവന പിന്‍വലിക്കുകയോ ചെയ്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ കട്ജു നേരിടേണ്ടിവരും. സൗമ്യ കേസിലെ നടപടികള്‍ അവസാനിച്ചെങ്കിലും വിധിന്യായത്തെ വിമര്‍ശിച്ച ജസ്റ്റിസ് കട്ജുവിനെതിരായ നടപടികള്‍ക്ക് അവസാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: