പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന് ഡോ.വി.സനല്‍കുമാര്‍ നടത്തിയ ഉപരിതല പര്യവേഷണത്തില്‍ അജന്താ ഗുഹാ പരിസരങ്ങളില്‍ നിന്ന് മധ്യ ശിലായുഗ ഉപകരണങ്ങള്‍ കണ്ടെത്തി. ലോക പൈതൃക പട്ടികയിലുള്ള വഗോറ ജലധാരയ്ക്ക് സമീപത്തുള്ള പാറപ്പരപ്പുകളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ബി.സി. ആയിരത്തിനും, നാലായിരത്തിന്നും മദ്ധ്യേയുള്ള മൈക്രോലിത്തിരക് ഉപകരണങ്ങളായ കോര്‍, കോര്ടൂള്, സ്ക്രാപ്പര്‍, പോയിന്റ് ടൂള്‍, ബെയ്ക്ക്ഡ് ടൂള്‍സ് തുടങ്ങിയവയാണ് ലഭിച്ചത്. ബി.സി. 200 മുതല്‍ എ.ഡി.600 വരെയുള്ള അജന്താ ശില്പ നിര്‍മ്മാണം നടക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന കാലഘട്ടത്തിലേക്കാണ് ഈ പ്ലസ്ടു ജ്യോഗ്രാഫി അദ്ധ്യാപകന്റെ കണ്ടെത്തലുകള്‍ വെളിച്ചം വീശുന്നത്. ഇതിന് മുമ്പ് വഗോറ, പെന്‍ഗംഗ, പൂര്‍ണ്ണ എന്നീ നദീതടങ്ങളില്‍ നിന്ന് മധ്യ പ്രാചീന ശിലായുഗത്തിലെ ഉപകരണങ്ങള്‍ ചരിത്രകാരന്മാര് കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാനമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് സനല്‍ കുമാര്‍ പറഞ്ഞു. വെള്ളാരം കല്ല് ചീകിയെടുത്തവയാണ് മൈക്രോ ലിത്തിക് ഉപകരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: