കണ്ണൂര്‍: നമ്മുടെ വീടുകളില്‍ ഇന്ന് സാമൂഹ്യവത്ക്കരണം നടക്കുന്നില്ലെന്ന് എംഎസിടി ജഡ്ജി കെ.ബൈജുനാഥ് പറഞ്ഞു. സാമൂഹ്യവല്‍ക്കരണം നടക്കേണ്ട ആദ്യയൂണിറ്റ് കുടുംബമാണ്. എന്നാല്‍ കുടുംബങ്ങളില്‍ ഇന്ന് ആശയവിനിമയം പോലും ഇല്ലാതായിരിക്കുന്നു. ഇന്ന് കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു. ഉണര്‍ന്നിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് നിയമമെന്നും ഉറങ്ങുന്നവര്‍ക്ക് വേണ്ടിയല്ലെന്നുമാണ് നിയമത്തിന്റെ അടിസ്ഥാന പ്രമാണമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച നിയമബോധവത്ക്കരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമങ്ങള്‍ ഏറെ പാസാക്കപ്പെട്ടിട്ടും ലോകശക്തിയായി മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും രാജ്യത്ത് ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യനീതി നടപ്പില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. എന്നാല്‍ ഇന്ത്യപോലുള്ള ഒരു രാജ്യത്ത് എല്ലാവരും മുഴുവന്‍ നിയമങ്ങളും അറിയണമെന്ന് വാശിപിടിക്കാന്‍ കഴിയില്ല. വിവിധ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട നിയമപരിരക്ഷയെക്കുറിച്ച് അവരെ ബോധവത്ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. ക്ഷേമരാജ്യത്ത് സാമൂഹ്യനീതി നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കടമയുണ്ട്.നിയമസാമാന്യബോധം പൗരന്മാര്ക്ക് എല്ലാവര്ക്കും വേണം. എന്നാല്‍ കുട്ടികളുടെ ജന്മാവകാശങ്ങള് പോലും നിഷേധിക്കപ്പെടുന്ന സമൂഹമായി നാം മാറി. കുട്ടികള്‍ക്കും സ്ത്രീകള്ക്കുമെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തെ നിയന്ത്രിക്കാനും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരെ കൈപിടിച്ചുയര്ത്താനുമുള്ള ശ്രമമാണ് നിയമവാഴ്ചയിലൂടെ നടപ്പാക്കേണ്ടത്. എന്നാല്‍ അറിവില്ലാത്തവര്‍ക്ക് അവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. നിയമവാഴ്ചയ്ക്ക് കോട്ടം തട്ടിയാല്‍ ജീവിതം ദുസ്സഹമാകും. അന്യന്റെ ദുഖത്തില്‍ ആത്മാര്‍ത്ഥമായി വേദനിക്കാന്‍ കഴിയുന്ന തരത്തില്‍ സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടാകുമ്പോള്‍ മാത്രമേ നിയമങ്ങള്‍ അര്ത്ഥവത്താകുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് വയോജന സൗഹൃദജില്ലയായി കണ്ണൂരിനെ മാറ്റുകയാണ് സാമൂഹ്യക്ഷേമ വകുപ്പ് അടുത്തതായി ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വികലാംഗര്‍ക്കും സഹായകരമായ നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. എന്നാല്‍ ഇവയ്ക്കൊന്നും വേണ്ടത്ര പ്രചരണം ലഭിക്കുന്നില്ല. ഐസിഡിഎസിന്റെ പദ്ധതികള്‍ ലോകനിലവാരമുള്ളവയാണെന്ന് യുന്‍ പ്രതിനിധികള്‍ പോലും അംഗീകരിച്ചവയാണെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളും-നിയമപരിരക്ഷയും എന്ന വിഷയത്തില്‍ ജില്ലാ സി.ഡബ്ലു.സിഅംഗം പി.സി.വിജയരാജന്‍, കോഴിക്കോട് പ്രൊബേഷണറി ഓഫീസര്‍ അഷ്റഫ് കാവില്‍ എന്നിവര്‍ ക്ലാസെടുത്തു . കണ്ണൂര്‍ പ്രസ്ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷത വഹിച്ചു.. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍കരീം, പ്രസിക്ലബ് സെക്രട്ടറി എന്‍.പി.സി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: