പത്തനാപുരം: സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മതിലുംഗേറ്റും പൊളിച്ച സംഭവത്തില്‍ വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയ്ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. പഞ്ചായത്ത് സമിതി നിശ്ചയിച്ച അഞ്ചംഗ ഉപസമിതിയുടെതാണ് കണ്ടെത്തല്‍.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഉപസമിതിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പ്രത്യേകസമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയത്. ഭരണപക്ഷത്ത് നിന്ന് മൂന്ന് പേരും പ്രതിപക്ഷത്ത് നിന്ന് രണ്ട് അംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഉപസമിതി. എന്നാല്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായവരുടെ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
സ്കൂളിന് സമീപത്തെ സ്വകാര്യബാറിന് സഹായകമാകുന്ന സാഹചര്യമൊരുക്കാന്‍ പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങള്‍ ഗൂഢാലോചന നടത്തിയാണ് കവാടം തകര്ത്ത്തെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഉപസമിതിയുടേത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിസുരേഷിന്റെ നേതൃത്വത്തിലാണ് സമിതി അന്വേഷണം നടത്തിയത്. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എ സജീദ്, ജെ സജീവ്, പ്രതിപക്ഷാംഗങ്ങളായ കുന്നിക്കോട് ഷാജഹാന്, ജ്യോതി എന്നിവരാണ് ഉപസമിതിയിലുണ്ടായിരുന്നത്. സ്കൂളില്‍ പൂന്തോട്ടം നിര്‍മ്മിക്കാനായി പഞ്ചായത്ത് അധികൃതരെ സമീപിച്ച ട്രസ്റ്റിന്റെ പ്രതിനിധി, ആരോപണ വിധേയരായ അംഗങ്ങള്‍, സ്കൂളിലെ പ്രധമാധ്യാപിക എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പഞ്ചായത്ത് സമിതിയില്‍ വച്ച അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സമിതി ഒന്നടങ്കം റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തന്നെ വിജിലന്‍സിന് പരാതി നല്കാന് തീരുമാനമായിട്ടുണ്ട്. അതേസമയം സംഭവം വിവാദമായ ഉടനെ തുടങ്ങിയ സ്കൂളിന്റെ ശതാബ്ദി സ്മാരക കവാടത്തിന്റെ പുനര്‍നിര്‍മ്മാണം പഞ്ചായത്തും കരാറുകാരനും ഉപേക്ഷിച്ച നിലയിലാണ്. ആഗസ്ത് 28ന് രാത്രിയിലാണ് സ്കൂളിന്റെ ശതാബ്ദി സ്മാരകം തകര്‍ത്ത് പ്രധാന കവാടം കെട്ടിയടച്ചത്.
തകര്‍ക്കപ്പെട്ട സ്മാരക പുനര്‍നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചതിനെതിരെ ഇപ്പോള്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.അനുമതി നല്‍കിയത് സിപിഎം പ്രാദേശികനേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് വനിതാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലും ഏറെ രാഷ്ട്രീയവിവാദമുണ്ടാക്കി. സ്വകാര്യബാറിന് അനുകൂല സാഹചര്യമുണ്ടാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയിലെ ചിലര്‍ ഇടപെട്ടതായാണ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: