തൃശൂര്‍: സിപിഎം പോഷകസംഘടനയായ പുരോഗമനകലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് അതിഥികള്‍ എത്തുന്നത് സര്‍ക്കാര്‍ ചെലവില്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ദക്ഷിണേന്ത്യന്‍ എഴുത്തുകാര്‍ കേരള സാഹിത്യ അക്കാദമിയുടെ ചെലവില്‍ വിമാനയാത്രയും മറ്റും തരപ്പെടുത്തിയത് വിവാദമാകുന്നു.
പുകസയുടെയും സാഹിത്യ അക്കാദമിയുടെയും അദ്ധ്യക്ഷന്‍ വൈശാഖനായത് തട്ടിപ്പിന് എളുപ്പമായി. ഇന്നാരംഭിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളവര്‍ ഇന്നലെ തൃശൂരിലെത്തി. ഇവര്‍ക്കായി സാഹിത്യ അക്കാദമി ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമം എന്ന പേരില്‍ തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ പേരിലാണ് അക്കാദമി ചെലവില്‍ വരവും പോക്കും.
പുകസയ്ക്ക് സാമ്പത്തിക ലാഭവും മുന്‍നിര എഴുത്തുകാരെ പങ്കെടുപ്പിക്കാനുള്ള അവസരവും ലഭിച്ചു. തെലുങ്കുകവി കെ.ശിവറെഡി, തമിഴ് എഴുത്തുകാരന് ഭവ ചെല്ലദുരൈ, നോവലിസ്റ്റ് പ്രപഞ്ചന്‍, കൊങ്കണി കവി പരേഷ് നരേന്ദ്രകാമത്ത്, കന്നഡ എഴുത്തുകാരി നീല കെ., എന്‍.എസ്.മാധവന് എന്നിവരാണ് ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഇതേ ആളുകള്‍ തന്നെയാണ് ഇന്നുമുതല്‍ നടക്കുന്ന പുകസ സമ്മേളനത്തിലും.
ലക്ഷങ്ങള്‍ ചെലവിട്ട് അക്കാദമി സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമത്തില്‍ എന്‍.എസ്.മാധവന് ഒഴികെ മലയാളത്തിലെ മുന്‍നിര എഴുത്തുകാര്‍ ആരുമില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയോ എഴുത്തുകാരെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. പുകസ സമ്മേളനത്തിന് സര്‍ക്കാര്‍ ചെലവില്‍ ആളെ എത്തിക്കാനുള്ള വൈശാഖന്റെയും കൂട്ടരുടേയും തട്ടിപ്പ് മാത്രമാണ് അക്കാദമിയുടെ പരിപാടി.
ഇന്നലെ നടന്ന ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമം സംബന്ധിച്ച അറിയിപ്പ് പത്രങ്ങള്‍ക്ക് ലഭിക്കുന്നത് ഒമ്പതിന് മാത്രം. ഇതില്‍ നിന്നുതന്നെ തട്ടിപ്പ് വ്യക്തമാണ്. അതേസമയം കേരള സാഹിത്യ അക്കാദമി പോലെ പ്രമുഖമായ സ്ഥാപനത്തിന്റെ അദ്ധ്യക്ഷസ്ഥാനത്തിരിക്കുന്ന ആള് പുകസയുടെ പ്രസിഡന്റ് ചുമതല കൂടി വഹിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനവും എഴുത്തുകാര്‍ക്കിടയില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: