അമേരിക്കയുടെ പുതിയ പ്രഥമ വനിതയാകാന്‍ പോകുന്ന മെലാനിയാ ട്രംപിനു വിശേഷങ്ങള്‍ ഏറെ. രണ്ടു നൂറ്റാണ്ടിനു ശേഷം ‘വിദേശി’ അമേരിക്കയുടെ പ്രഥമ വനിതയാവുകയാണ്. കമ്മ്യൂണിസ്റ്റ് യൂഗോസ്ലേവ്യയാണ് മെലാനിയയുടെ ജന്മദേശം. 70 വയസുള്ള ട്രംപിന്റെ മൂന്നാം ഭാര്യയാണ് മെലാനി (46).
1825 മുതല്‍ 29 വരെ പ്രസിഡന്റായിരുന്ന ജോണ്‍ ക്വിന്‍സി ആഡംസിന്റെ ഭാര്യ ലൂസിയയായിരുന്നു അമേരിക്കയിലെ ആദ്യ ‘വിദേശി’ പ്രഥമ വനിത. അവര്‍ ജനിച്ചത് ഇംഗ്ലണ്ടിലായിരുന്നു. അമ്മ ബ്രിട്ടീഷ്കാരി, അച്ഛന് അമേരിക്കന്‍.
മെലാനിയ ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയില്‍, 1970 ല്‍. അച്ഛന് വിക്ടര്‍ ക്നാവ്സ് കാര്‍, മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനക്കാരനായിരുന്നു, സ്ലോവേനിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗവും. അമ്മ അമാലിജ ക്നാവ്സ് ഫാഷന്‍ രംഗത്തു പ്രവര്‍ത്തിച്ചിരുന്നു.
16 ാം വയസില്‍ ഫാഷന്‍ രംഗത്തു തുടങ്ങിയ മെലാനിയ 18-ാം വയസില്‍ ഇറ്റലിയിലെ മിലന് കമ്പനിയുടെ മോഡലിങ് കരാര്‍ നേടി. അഞ്ചുഭാഷകള്‍- സ്ലൊവാനിയ, സെര്‍ബിയ, ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് അറിയാവുന്ന മെലാനിയ ഫാഷന്‍ രംഗത്തെ താരമായി.
1998 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഫാഷന്‍ വീക്കിലാണ് മെലാനിയയും ഡൊണാള്‍ഡ് ട്രംപും ആദ്യം തമ്മില്‍ കണ്ടത്. ട്രംപ് അപ്പോള്‍ രണ്ടാം ഭാര്യ മാര്‍ലാ മാര്പ്ലസുമായി ബന്ധം പിരിഞ്ഞിരിക്കുകയായിരുന്നു. ഇവാനയായിരുന്നു ആദ്യ ഭാര്യ.
ആറു വര്‍ഷം കഴിഞ്ഞ്, 2004 ല്‍, ഫ്ളോറിഡയില്‍ പള്ളിയില്‍ ട്രംപ് മെലാനിയയെ വിവാഹം ചെയ്തു. മെലാനിയയ്ക്ക് 2001 മുതലേ ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും അമേരിക്കന്‍ പൗരത്വം ലഭിച്ചത് 2006 ലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ മെലാനിയെ ഏറെ കണ്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: