ആലുവ: ബിവറേജസ് കോര്‍പ്പറേഷന്റെ ചൂണ്ടി ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികള്‍ക്ക് തീപിടിച്ച് 10.5 ലക്ഷം രൂപയുടെ ബിയര്‍ നശിച്ചു. രണ്ട് ടോറസ് ലോറികളും ഭാഗീകമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 2.10ഓടെയാണ് സംഭവം.
ഗോഡൗണിലേക്ക് മദ്യവും ബിയറുകളും കൊണ്ടുവരുന്ന ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് തീപിടിച്ചത്. സമീപമുണ്ടായിരുന്ന മറ്റ് ലോറികളും ബൈക്കുകളും ഉടന്‍ മാറ്റിയതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. തീപിടിച്ച ലോറികളില്‍ ബിയര്‍ ആയതും അപകടത്തിന്റെ രൂക്ഷത കുറച്ചു. സമീപത്തെ മാലിന്യത്തില്‍ നിന്നും ലോറികളുടെ പഌസ്റ്റിക്ക് പടുതയിലേക്ക് തീ പടരുകയായിരുന്നു. കെ.എല്‍. 8 എക്‌സ് 6917 നമ്പര്‍ ലോറിയിലാണ് ആദ്യം തീപടര്‍ന്നത്. ഈ ലോറിയില്‍ 1100 കേയ്‌സ് കെ.എഫ് ബിയര്‍ ആയിരുന്നു. 200 കേസ് ബിയറാണ് കത്തിയത്. തൊട്ടുചേര്‍ന്ന് കിടന്നിരുന്ന കെ.എല്‍ 11സി 7810 നമ്പര്‍ ലോറിയുടെ മുന്‍വശത്ത് തീപിടിച്ചെങ്കിലും ബിയര്‍ ഇരുന്ന ഭാഗത്തേക്ക് ബാധിച്ചില്ല.
ആലുവ, പെരുമ്പാവൂര്‍ അഗ്‌നിശമന സേനാ വിഭാഗം എത്തിയാണ് തീ പൂര്‍ണമായി അണച്ചത്. എക്‌സൈസ് അസി. കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത്, സി.ഐ എം.എസ്. ബാലകൃഷ്ണന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.ജെ. നോബിള്‍ എന്നിവരും സ്ഥലത്തെത്തി. തീ കൂടുതലായി ബാധിച്ച ലോറിയില്‍ തീ ഏല്‍ക്കാത്ത കെയ്‌സുകളും നശിപ്പിച്ച് കളയേണ്ടിവരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ചൂട് ഏല്‍ക്കുമ്പോള്‍ ബിയറില്‍ ചേര്‍ത്തിട്ടുള്ള പദാര്‍ത്ഥങ്ങളുടെ ഘടനയില്‍ മാറ്റമുണ്ടാകുന്നത് ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കും. അതിനാലാണ് തീ ഏല്‍ക്കാത്തവയും നശിപ്പിക്കുന്നത്. ബിയറില്‍ സ്പിരിറ്റിന്റെ അംശം എട്ട് ശതമാനമായതിനാലാണ് ദുരന്തമൊഴിവായത്. 45 ശതമാനത്തോളം സ്പിരിറ്റിന്റെ അംശമുള്ള മദ്യം കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചതെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.
ഡിസ്റ്റലറികളില്‍ നിന്നും കൊണ്ടുവരുന്ന മദ്യവും ബിയറും ചൂണ്ടിയിലെ ഗോഡൗണിണ് സൂക്ഷിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയിലെ ബാറുകളിലേക്കും ബിയര്‍ പാര്‍ലറുകളിലേക്കും കൊണ്ടുപോകുന്നത്. മാലിന്യ കൂനയില്‍ കളഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നുമായിരിക്കാം തീ പടര്‍ന്നതെന്ന് കരുതുന്നു. ലോറിക്കുണ്ടായ നഷ്ടം കൂടി കണക്കാക്കുമ്പോള്‍ 20 ലക്ഷത്തോളം വരും. മദ്യം ഗോഡൗണില്‍ ഇറക്കി നല്‍കുന്നത് വരെയുള്ള ഉത്തരവാദിത്വം ഡിസ്റ്റലറിക്കായതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന് നഷ്ടമുണ്ടാകില്ലെന്നെ് പറയപ്പെടുന്നു.
















