കല്‍പ്പറ്റ : അനധികൃതമായി വയനാട്ടുകാര്‍ കൈവശം വെച്ചിരിക്കുന്ന നോട്ടുകള്‍ മാറ്റി പുതിയ കറന്‍സി ആക്കുന്നതിനുള്ള നെട്ടോട്ടമായിരുന്നു ഇന്നലെ വയനാട്ടില്‍. സാധാരണക്കാരായ പലരെയും സമീപിച്ച് കമ്മീഷന് അടിസ്ഥാനത്തില്‍ നോട്ടുകള്‍ മാറുന്നതിനും ബാങ്കില്‍ നിക്ഷേപിക്കുന്നതിനും സൗകര്യം തേടിയവരും കുറവല്ല.
സ്വന്തം അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 70000 തിരിച്ചുകിട്ടിയാല്‍ മതിയെന്നു പറഞ്ഞവരുമുണ്ട്. വീടുപണിക്കായി കരുതിവെച്ച ഒരു ലക്ഷം രൂപ ഒന്നുമാറ്റിതരുമോ എന്ന് ചില മാധ്യമ പ്രവര്‍ത്തകരോട് വരെ ചോദിക്കുകയുണ്ടായി. കറന്‍സി പിന്മാറ്റത്തെ വയനാട്ടിലെ ഭൂരിഭാഗം പേരും സ്വാഗതം ചെയ്തു.
നോട്ടുകള്‍ പിന്‍വലിച്ചത് വയനാടന്‍ മേഖലയെ ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും സാരമായി ബാധിച്ചു. ബുധനാഴ്ച്ച കെഎസ്ആര്‍ടിസി ബസ്സുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും വ്യാഴാഴ്ച്ച ഇതുണ്ടായില്ല. കോഴിക്കോടിനുപോകേണ്ട രാജധാനി, ദീര്‍ഘദൂര ബസ്സുകള്‍ എന്നിവ പുറപ്പെടുംമുന്‍പ് 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്നുപറഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ചില്ലറ നല്കാനാവില്ലെന്നായിരുന്നു മറുപടി. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ ബാങ്കുകളില്‍ അപേക്ഷയും ഐഡി പ്രൂഫും നല്കി നാലായിരം രൂപ വരെ മാറിയെടുത്തു. പലരും രണ്ടായിരത്തിന്റെ നോട്ടുകളും കൗതുകത്തിന് വാങ്ങി സൂക്ഷിച്ചു. കല്‍പ്പറ്റയില്‍ പല ബാങ്കുകളിലും ഉച്ചയോടെ നോട്ടുകള്‍ തീര്‍ന്നു. ഉച്ചകഴിഞ്ഞ് വിതരണം പുനസ്ഥാപിച്ചു. വാഹനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും തിരക്ക് തീരെ കുറവായിരുന്നു.
മേപ്പാടി പോലുള്ള തോട്ടം മേഖലയിലെ ബാങ്കുകളില്‍ പണം മാറ്റിവാങ്ങുന്നതിനായി വന്‍ തിരക്കായിരുന്നു. കൗണ്ട് ചെയ്ത് പ്ലാസ്റ്റിക് കവറുകളിലാക്കിയ പത്ത് രൂപ നാണയ തുട്ടുകളും ഉപഭോക്താക്കള്‍ക്ക് പല ബാങ്കുകളും നല്കി. നോട്ടുകള്‍ പിന്‍വലിച്ചതിനെ വയനാട്ടുകാര്‍ സ്വാഗതം ചെയ്തു. യുഎഇ എക്സ്ചേഞ്ച് കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തി സര്‍ക്കാരിന്റെ നടപടി ധീരമെന്നുപറഞ്ഞു.
ബത്തേരി : അഞ്ഞൂറ്, ആയിരം രൂപാനോട്ടുകള് പിന്‍വലിച്ചുകൊണ്ടുളള കേന്ദ്ര ഗവ. തീരുമാനം വിപണി ഇടപാടുകളില്‍ താത്ക്കാലിക മന്ദിപ്പ് ഉണ്ടാക്കിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ ശൂന്യതയാണ്. സാധാരണ രാവിലെ പത്തുമുതല്‍ രാത്രി കട അടയ്ക്കുന്നത് വരെ ഇട മുറിയാത്ത നീണ്ട നിരഉണ്ടായിരുന്ന മദ്യശാലകള്‍ വിജനമായപ്പോള്‍ ബാങ്കുകള്‍ക്ക് മുന്നിലാണ് അസാധാരണമായ തിക്കും തിരക്കും അനുഭവപ്പെട്ടത്. പിന്‍വലിച്ച നോട്ടുകള്‍ എടുക്കാന്‍ ബീവറേജസ് കോര്പ്പറേഷന് വിസമ്മതിച്ചതിലൂടെ അവരുടെ കച്ചവട ചരിത്രത്തിലെ വലിയ നഷ്ടമായി അടയാളപ്പെടുത്തുന്ന ദിനങ്ങളാവുകയാണിതെല്ലാം. അക്കൗണ്ടുകള്‍ ഉളളവരും ഇല്ലാത്തവരുമെല്ലാം ഓരോ ബാങ്ക് ശാഖകള്‍ക്ക് മുന്നിലും വളരെ നേരത്തെ തന്നെ ഇടം പിടിച്ചു.
മുമ്പ് കാര്‍ഷിക കടം എഴുതിത്തളളിയ കാലത്താണ് ബാങ്കുകള്‍ക്ക് വയനാട്ടിലെ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ ഇത്രയും തിരക്ക് കണ്ടത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുളളവരുടേയും കുടുംബ ബഡ്ജറ്റുകളെ നിയന്ത്രിക്കുന്നതില്‍ പുതിയകാലത്ത് ബാങ്കുകളുടെ പങ്കും വിളിച്ചോതുന്നതാണ് ഈ തിക്കും തിരക്കും. ഇതിനിടയില്‍ ജീവിതത്തില്‍ ഒരിക്കലും ബാങ്കുകളുമായി ഇടപെടാതെ ലക്ഷങ്ങള്‍ വീടുകളുടെ അകത്തളങ്ങളില്‍ ഭൂതം പൊന്നുകാക്കുന്നതു പോലെ സൂക്ഷിച്ച ചിലര്‍ക്കുണ്ടായ നഷ്ടങ്ങളുടെ കഥകളും കേള്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: