മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തി തൊഴില്‍ നിയമനങ്ങള്‍ നടത്തിയതായി ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ കിയാല്‍ ഓഫീസ് ഉപരോധിച്ചു. കണ്ണൂര്‍ വിമാനത്താവള പുനരധിവാസ ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കാര, കല്ലേരിക്കര മേഖലയിലെ പുനരധിവാസ കുടുംബങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് ഇന്നലെ രാവിലെ കിയാല്‍ ഓഫീസ് ഉപരോധിച്ചത്. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷാഫോറത്തില്‍ വീട് നഷ്ടപ്പെട്ടവരോട് അത് തെളിയിക്കുന്നതിനുള്ള രേഖ, തൊഴില്‍ ശുപാര്‍ശക്ക് കുടുംബനാഥന്റെ അഫിഡവിറ്റ് എന്നിവയും നല്കുവാന് നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തില്‍ അപേക്ഷിച്ച യോഗ്യതയുള്ളവര്‍ വിവിധ ഘട്ടങ്ങളില്‍ പരീക്ഷയും എഴുതിയിരുന്നു. ഈ പരീക്ഷകളില്‍ മറ്റുള്ളവര്‍ക്ക് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. സിപിഎം അനുഭാവികളെയാണ് ഇത്തരത്തില്‍ ജോലിക്കായി എറെയും തിരുകിക്കയറ്റിയിട്ടുള്ളത്. കഴിഞ്ഞദിവസം ഉദ്യോഗാര്‍ത്ഥികളായ ചിലര്‍ വെബ് സൈറ്റ് പരിശോധിച്ചപ്പോഴാണ് വീട് നഷ്ടപ്പെട്ടവരുടെ വിഭാഗത്തില്‍ ആര്‍ക്കും ജോലി ലഭിച്ചില്ലെന്ന് മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്നാണ് തൊഴില്‍ പാക്കേജ് അട്ടിമറിച്ചെന്നും വീട് നഷ്ടപ്പെട്ട കുടുംങ്ങളെ വഞ്ചിച്ചെന്നും ആരോപിച്ച് കര്‍മ്മസമിതി കിയാലിലേക്ക് മാര്‍ച്ച് നടത്തിയത്. ഇന്ന് സ്ഥലം എംഎല്‍എ ഇ.പി.ജയരാജനുമായി ചര്‍ച്ച നടത്തിയ വേണ്ട തീരുമാനമെടുക്കാമെന്നറിയിച്ചതോടെയാണ് ഉപരോധ സമരം പിന്‍വലിച്ചത്.
വിമാനത്താവളത്തില്‍ വിവിധ വകുപ്പുകളില്‍ നിയമനത്തിനായി അധികൃതര്‍ അപേക്ഷ ക്ഷണിക്കുകയും അതുപ്രകാരം ആയിരക്കണക്കിന് ആള്ക്കാര് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ടവരെ ജോലിയില്‍ തിരുകിക്കയറ്റാന്‍ സംസ്ഥാന ഭരണകൂടവും കിയാല്‍ അധികൃതരും ഒത്തുകളിക്കുകയാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുകയാണ്. എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവയെല്ലാം പൂര്‍ത്തിയാക്കി യോഗ്യതയുള്ളവരെ മാത്രം നിയമിക്കുമെന്നാണ് കിയാല്‍ അധികൃതര്‍ പറയുന്നതെങ്കിലും സ്വന്തക്കാരെ എഴുത്തു പരീക്ഷകളില്‍ വിജയിപ്പിക്കാന്‍ ചോദ്യപേപ്പര്‍ ചോര്ത്തിക്കൊടുത്തതായിപ്പോലും പരാതിയുയര്‍ന്നിട്ടുണ്ട്. വിമാനത്താവളത്തിനായി വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് പാക്കേജ് പ്രകാരം യോഗ്യതയുണ്ടായിട്ടും തൊഴില്‍ ലഭിച്ചില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനും ഉദ്യോഗാര്‍ത്ഥികള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. 2008 ലാണ് ഒഴിവ് വരുന്ന തസ്തികയില്‍ വീട് നഷ്ടപ്പെട്ടവരുടെ കുടുംബാഗംങ്ങളെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിമാനത്താവളത്തിനായി വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിനും ഇന്നുവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ലഭിച്ചിട്ടില്ല. ഇടത്-വലത് മുന്നണികളില്‍പ്പെട്ട പ്രമുഖരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും മാത്രമാണ് ജോലി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: