പാലക്കാട്: ഗവ.മോയന്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഡിജിറ്റലൈസേഷന് പദ്ധതിയില്‍ വ്യാപക അഴിമതി. പണി തുടങ്ങി ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത ഡിജിറ്റലൈസേഷന് പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കും തലവേദനയാവുന്നു. 2015 നവംബര്‍ മൂന്നിനാണ് ഡിജിറ്റല്‍ സംവിധാനത്തിന്റെ മരാമത്ത് പണികള്‍ ആരംഭിച്ചത് എന്നാല്‍ ഇതുവരെ പണി പൂര്‍ത്തിയായില്ലെന്നു മാത്രമല്ല അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. നാലായരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നസംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാലയമാണ് മോയന്‍സ്. പാലക്കാട് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് എട്ട് കോടി മുടക്കി നടത്തുന്ന പദ്ധതിയിലാണ് വന്‍ അഴിമതിയും കെടുകാര്യസ്ഥതയും.
ഡിജിറ്റലൈസേഷന്ന്റെ ഭാഗമായി തയ്യാറാക്കുന്ന ബെഞ്ചും, ഡെസ്ക്കും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തെ പരാതിയുയര്‍ന്നതാണ്. ഇപ്പോള്‍തന്നെ ചിലതൊക്കെ കേടുവന്നു തുടങ്ങി. ക്ലാസ്സ് റൂമില്‍ നിലത്ത് പതിക്കാന്‍ ടൈല്‍സ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഷീറ്റാണ് പതിക്കുന്നത്. അത് തന്റെ ഔദാര്യമായി ചെയ്യുന്നതാണെന്ന് കോണ്ട്രാക്ടര് പറയുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പഴയ കെട്ടിടങ്ങളിലുണ്ടായിരുന്ന വിലപ്പിടിപ്പുള്ള മരസാധനങ്ങള്‍ കാണാതായി. കോണ്‍ട്രാക്ടര്‍മാര്‍ക്കായി നല്‍കിയിട്ടുള്ള വൈദ്യുതി കണക്ഷനില്‍ നിന്നല്ലാതെ പലസ്ഥലത്തുനിന്നും അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതുകാരണം വിദ്യാലയത്തിന്റെ വൈദ്യുതി ബില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചതായി പിടിഎ കമ്മറ്റി പറഞ്ഞു.
നിര്മ്മാണപ്രവര്ത്തനങ്ങള്ക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ സ്കൂളിലാണ് തമാസം. ഈ തൊഴിലാളികള്‍ ടോയ്ലറ്റുകള് വൃത്തികേടാക്കുന്നതുമൂലം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളടക്കമുള്ള പുരുഷന്മാരുടെ വലിയ സംഘത്തെ താമസിപ്പിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ജിഷ, സൗമ്യ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പിടിഎ കമ്മറ്റികളില്‍ ഈ വിഷയം ചര്‍ച്ചചെയ്ത് ഇവരെ മാറ്റണമെന്ന് രക്ഷിതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇതുവരെ അവരെ മാറ്റിയിട്ടില്ല.
പൊതു പണം ഉപയോഗിച്ച് ചെയ്യുന്ന നിര്‍മ്മാണ പ്രവൃത്തിയിലുണ്ടാവേണ്ട സുതാര്യത ഉറപ്പാക്കുവാനുള്ള ഒരു സംവിധാനവും ഏര്‍പ്പാടാക്കിയിട്ടില്ല. നാളിതുവരെ ഡിജിറ്റലൈസേഷന് പദ്ധതിയുടെ എസ്റ്റിമേറ്റും മെഷര്‍മെന്റ് ബുക്കും, മസ്റ്റര്‍ റോളും വിദ്യാലയവുമായി ബന്ധപ്പെട്ട ആരും കണ്ടിട്ടില്ല. പണിതുടങ്ങിയിട്ട് ഒരു വര്‍ഷമായി; പണി എവിടെയുമെത്തിയിട്ടില്ല. അതുകാരണം ശരിയായ രീതിയിലുള്ള അദ്ധ്യയനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്എംസി യും പിടിഎ യും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് നോക്കുകുത്തിയായിട്ട് ഒരുവര്‍ഷമായി.എന്നാല്‍ പ്രസ്തുത വിഷങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി തരുന്നതിനു പകരം പ്രതികരിക്കുവാന്‍ കൂടെ തയ്യാറാകുന്നില്ലെന്ന് പിടിഎ,എംസിഎ ഭാരവാഹികള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 10ന് സ്കൂളിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് പിടിഎ ഭാരവാഹികളായ രവിതൈക്കാട്,വി.നാഗരാജ്,ജയന്തി, കെ.ശിവരാജേഷ്,ഗീത എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: