പെരിന്തല്‍മണ്ണ: ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ സമ്മേളനത്തിനും പഠനശിബിരത്തിനും അരങ്ങുണരുമ്പോള്‍ നെഞ്ചിടിക്കുന്നത് സിപിഎമ്മിനും ലീഗിനും. സന്മാര്ഗത്തിലേക്കുള്ള വെളിച്ചം എന്ന് അര്‍ത്ഥമുള്ള അറബിക് വാക്കായ നൂറുല്‍ ഹുദ എന്നാണ് ന്യൂനപക്ഷ മോര്‍ച്ച ഈ മഹാസമ്മേളനത്തിന് നല്‍കിയിരിക്കുന്ന പേര്. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുക്കും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാവരും അതിഥികളായെത്തും. ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് അന്‍സാരി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്, സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും. അടിസ്ഥാന ആശയങ്ങള്‍, പരിവാര്‍ സങ്കല്‍പ്പം, ബിജെപിയും മതന്യൂനപക്ഷങ്ങളും എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും.
അതേസമയം നൂറുല്‍ ഹുദ എന്ന ന്യൂനപക്ഷ സമ്മേളനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ യുഡിഎഫ് പാളയത്തില്‍ അസ്വസ്ഥത പുകയുകയാണ്. പരിപാടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന വാര്‍ത്ത അവരുടെ ഭയത്തെ സൂചിപ്പിക്കുന്നു. ലീഗുമായി ഇടഞ്ഞ് നില്ക്കുന്ന ചില പ്രാദേശിക നേതാക്കള്‍ നൂറുല്‍ ഹുദയില്‍ സംബന്ധിക്കും എന്ന വാര്‍ത്തകള്‍ ലീഗിലും അസ്വസ്ഥതപടര്ത്തുന്നു.. പരപ്പനങ്ങാടി, താനൂര്‍ മേഖലകളില്‍ നിന്ന് ലീഗ് ബാന്ധവം അവസാനിപ്പിച്ച് നിരവധി മുസ്ലീം കുടുംബങ്ങള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അവര്‍ക്കുള്ള കവാടമായി നൂറുല്‍ ഹുദ മാറും. എന്നാല്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ പഠനശിബിരത്തിനെതിരെ വ്യാപക കുപ്രചരണമാണ് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്നത്. ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹികളെ ഫെയ്സ് ബുക്കിലൂടെ ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. അതിനിടയിലും സമ്മേളനത്തിന്റെയും പഠന ശിബിരത്തിന്റെയും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ അദ്ധ്യക്ഷനെ സ്വീകരിക്കുന്നതിനുള്ള സ്വാഗതസംഘത്തെ വരും ദിവസങ്ങളില്‍ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: