കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാല പെരിയ കാമ്പസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആത്മഹത്യാ നാടകത്തിന് പിന്നില്‍ ഭൂമാഫിയ. സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സ്ഥിരം ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് മാളത്തുപാറ കോളനിയിലെ ചെറുപ്പക്കാര്‍ കെട്ടിടത്തിന് മുകളില്‍ കയറി രണ്ട് തവണ ആത്മഹത്യാഭീഷണി മുഴക്കിയത്.
കുടിയൊഴിപ്പിക്കപ്പെട്ടവരുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കുമ്പോള്‍ ഒന്നും ആവശ്യപ്പെടാതെ പുതിയ ഡിമാന്റുമായി കോളനിക്കാര്‍ രംഗത്ത് വന്നതിന് പിന്നില്‍ സര്‍വ്വകലാശാലയ്ക്ക് സമീപം ഭൂമിയുള്ള ചിലരുടെ ഒത്തുകളിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി സ്ഥിരം ജോലിയെന്ന് ആവശ്യം ഉന്നയിക്കാത്തവരാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. കോളനി നിവാസികളെ ഉപയോഗിച്ച് അവര്‍ സര്‍വ്വകലാശാലയ്ക്ക് സമീപം കൂടുതല്‍ സ്ഥലം കൈവശമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപണമുണ്ട്.
കുടിയൊഴിപ്പിക്കല്‍ പാക്കേജിന്റെ ഭാഗമായി 16 കുടുംബങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ അവര്‍ ആവശ്യപ്പെട്ട രീതിയില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ പണികള്‍ പൂര്‍ത്തിയായി വരുന്ന സാഹചര്യത്തിലാണ് പുതിയ ഡിമാന്റുകളുമായി ചെറുപ്പക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുനരധിവാസ പാക്കേജ് അവര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുക മാത്രമാണ് സര്‍വ്വകലാശാല ചെയ്യുന്നതെന്ന് രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന് പറഞ്ഞു. 2012 ഒക്ടോബര്‍ 11 ന് ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഭൂമി, വീട്, വെള്ളം, വൈദ്യുതി, റോഡ്, കമ്യൂണിറ്റി ഹാള്‍, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും, കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരവും ആവശ്യപ്പെട്ടത് അംഗീകരിച്ചതാണ്. കഴിഞ്ഞ ദിവസം സമരം ചെയ്തവര്‍ ആദ്യം ജോലി ആവശ്യമുന്നയിക്കുകയും പിന്നീട് ചര്‍ച്ച കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിലേക്കെത്തിക്കുകയുമാണ് ചെയ്തത്.
കോളനിക്കാര്‍ പറയുന്ന സ്ഥലത്തിന് ചുറ്റും നിരവധി സ്വകാര്യ വ്യക്തികള്‍ക്ക് ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. അവരുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി കോളനിക്കാരെ രംഗത്ത് ഇറക്കി സര്‍വ്വകലാശാലയ്ക്ക് വേണ്ടി സമരം ചെയ്യിക്കുകയാണെന് ആരോപണമുണ്ട്. ഭൂമാഫിയ കോളനിക്കാരെ ഉപയോഗിച്ച് ഭൂമി കൈയ്യേറാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. നാളെ സര്‍വ്വകലാശാല കോളനി നിവാസികളുമായി അവരുടെ പുതിയ ഡിമാന്റുകളെ സംബന്ധിച്ച് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: