കള്ളപ്പണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്. എന്നാല്‍ കള്ളപ്പണം നിയന്ത്രിക്കുക എന്നതിലുപരി കള്ളനോട്ടുകളുടെ നിയന്ത്രണമാണ് ഈ പ്രഖ്യാപനത്തിലൂടെ സാധ്യമാകുന്നത്.
പാകിസ്ഥാനില്‍ നിന്നു വന്‍തോതില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കള്ളനോട്ടുകള്‍ ഇനി മാര്‍ക്കറ്റിലിറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. എന്നാല്‍ കള്ളപ്പണം തടയാന്‍ ഈ നടപടികള്‍ മാത്രം പര്യാപ്തമാവില്ല. കാരണം വിദേശ നിക്ഷേപം, ബിനാമി കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന മേഖല നിരവധിയാണ്. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം തന്നെ വേണ്ടിവരും.
500, 1000 നോട്ടുകളുടെ പെട്ടെന്നുള്ള അസാധുവാക്കല്‍ സാധാരണക്കാരെ ബാധിക്കാനിടയുണ്ട്. രാജ്യത്ത് ഇപ്പോഴും ബാങ്ക് അക്കൗണ്ടുകളില്ലാത്തവര്‍ വലിയ ശതമാനമുണ്ട്. ഇവരുടെ കൈവശമുള്ള തുകകളുടെ മാറ്റിയെടുക്കല്‍ പ്രശ്നമാവും. നമ്മുടെ നാട്ടിലെതന്നെ 80 ശതമാനം ഇടപാടുകളും നേരിട്ടാണ്. രൂപ നേരിട്ട് വിനിമയം ചെയ്യാനാവാത്ത സ്ഥിതിവിശേഷം ആദ്യ ദിവസം തന്നെ ഉല്‍പ്പാദന, സേവന മേഖലകളെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് സാമ്പത്തികരംഗം പൂര്‍വ്വസ്ഥിതിയിലാവാന്‍ എന്തായാലും ദിവസങ്ങള്‍ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: