മണ്ണഞ്ചേരി യില്‍ ജനത്തെ ദ്രോഹിച്ച് സിപിഎം നടത്തിയ റോഡ് ഉപരോധം
മുഹമ്മ: പോലീസിനെ മര്‍ദിച്ച ജനപ്രതിനിധിയെ വിട്ടയക്കാന്‍ സിപിഎം നടത്തിയ റോഡ് ഉപരോധം ജനങ്ങളെ വലച്ചു. ഹൈക്കോടതി വിധിയെ കാറ്റില്‍ പറത്തിയാണ് സിപിഎം ആലപ്പുഴ – തണ്ണീര്‍മുക്കം റോഡ് ഉപരോധിച്ചത്. മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ നേതാവിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ സിപിഎം നേതാവും മണ്ണഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും 18-ാം വാര്‍ഡംഗവുമായ എം.എസ്. സന്തോഷിനെയാണ് ബുധനാഴ്‌ച്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ മണ്ണഞ്ചേരി പഞ്ചായത്ത് ഓഫിസിന് മുമ്പിലാണ് 15വയസ്സുകാരിയെഉപദ്രവിച്ചതിലടക്കം നിരവധി കേസുകളിലെ പ്രതിയായ ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയ പ്രസിഡന്റ് ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയത്. പഞ്ചായത്തംഗങ്ങളും പോലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും ഇതിനിടയില്‍ പോലീസിന് മര്‍ദ്ദനമേറ്റിരുന്നു. പോലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സന്തോഷ് അടക്കം 15പേര്‍ക്കെതിരെ മണ്ണഞ്ചേരി പോലീസ് കേസെടുത്തു. ഇതിനെത്തുടര്‍ന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്‌ച്ച രാവിലെ പത്തുമണിയോടെ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി ജങ്ഷനില്‍ പ്രകടനമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം രണ്ടരമണിക്കൂര്‍ നീണ്ടു. ഇതോടെ വാഹനയാത്രികരും ജനങ്ങളും ദുരിതത്തിലായി. ആശുപത്രിയില്‍ പോകാന്‍ ബസിലുണ്ടായിരുന്ന രോഗികള്‍, സ്‌കൂള്‍ കുട്ടികള്‍, ഉദ്യോഗസ്ഥര്‍, വിവിധ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്തവരും വലഞ്ഞു. വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിട്ടതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള കാല്‍ നടയാത്രക്കാര്‍ വരെ ദുരിതത്തിലായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ പല സ്റ്റോപ്പിലും ഇറങ്ങേണ്ടവര്‍ കിലോ മീറ്ററുകളോളം നടക്കേണ്ടിവന്നു. നിരവധി തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണിമുടക്കിസിപിഎമ്മുകാര്‍ സമരത്തില്‍ പങ്കെടുപ്പിച്ചു.
ചേര്‍ത്തല സിഐ വി.പി. മോഹന്‍ലാല്‍, മാരാരിക്കുളം സിഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണഞ്ചേരി, മുഹമ്മ, അരൂര്‍, മാരാരിക്കുളം, അര്‍ത്തുങ്കല്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഹൈക്കോടതി വിധി ലംഘിച്ച് പൊതുജനത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് റോഡ് ഉപരോധം നടത്തിയ സംഭവത്തില്‍ 49പേര്‍ക്കെതിരെ കേസെടുത്തതായി മണ്ണഞ്ചേരി പോലീസ് പറഞ്ഞു.
















