കൊട്ടാരക്കര: ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 47 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രധാന പ്രതി ഉള്‍പ്പടെ മൂന്നുപേര്‍ കൂടി പിടിയിലായി. 18 ലക്ഷം രൂപ കൂടി കണ്ടെടുത്തു.
ഒളിവിലായിരുന്ന മുഖ്യപ്രതി ആനക്കോട്ടൂര്‍ തോട്ടത്തില്‍ കിഴക്കതില്‍ പിടലി എന്നുവിളിക്കുന്ന ശ്യാംകൃഷ്ണ(22)നെ എഴുകോണില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. മോഷ്ടിച്ച പണം ഒളിപ്പിക്കാന്‍ സഹായിച്ച ഇടയ്‌ക്കിടം ദേവീ വിലാസത്തില്‍ ജിബിന്‍(26), ബിവിന്‍(29) എന്നിവരും പിടിയിലായതായി ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍ പറഞ്ഞു. ഇവരില്‍ നിന്നും 18 ലക്ഷം രൂപ കൂടി കണ്ടെടുത്തതതോടെ 47ല്‍ 37 ലക്ഷം രൂപയും വീണ്ടെടുത്തു. ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്റ് ടി മൈക്രോഫിനാന്‍സില്‍ നിന്ന് ഒക്‌ടോബര്‍ 27ന് 42 ലക്ഷവും, നെടുവത്തൂര്‍ എസ്‌കെഎസ് ഫിനാന്‍സില്‍ നിന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അഞ്ചുലക്ഷത്തി ഇരുപതിനായിരം രൂപയുമാണ് കവര്‍ന്നത്. സംഘത്തിലെ നാലുപേരെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണസംഘത്തിലെ പ്രധാനി ശ്യാമാണെന്ന് പോലീസ് പറയുന്നു.
കൂട്ടാളികള്‍ പിടിയിലായതോടെ ഒളിവില്‍ പോയ ശ്യാം റയില്‍വെ ട്രാക്കിനരികിലുള്ള കുറ്റിക്കാട്ടില്‍ പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. വിശപ്പുസഹിക്കാതെ പുറത്തിറങ്ങിയ ഇയാളെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ പിടിക്കുകയായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങളറിയാനും ലോക്കര്‍ കണ്ടെത്താനും കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി. ആഡംബര ജീവിതത്തിലും ലഹരിഉപയോഗത്തിനും വേണ്ടിയായിരുന്നു ഇവരുടെ മോഷണം.
ദീപാവലി ദിവസം കുറെ ചെറുപ്പക്കാര്‍ പണം ധൂര്‍ത്തടിക്കുകയും ആവശ്യത്തിലധികം പടക്കം പൊട്ടിക്കുകയും ചെയ്തതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങുന്നത്.
എല്ലാ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആന്റിതെഫ്റ്റ് സ്‌ക്വാഡ് എസ്.ഐ ബിനോജ്, എഎസ്‌ഐ മാരായ എ.സി.ഷാജഹാന്‍, ശിവശങ്കരപിള്ള, സജിജോണ്‍, എസ്‌സിപിഒമാരായ അജയകുമാര്‍, രാധാകൃഷ്ണപിള്ള,ആഷിര്‍കോഹൂര്‍, ബിനു, എഎസ്‌ഐമാരായ അബ്ദുള്‍സലാം, രമേശന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















