കണ്ണൂര്‍: മാങ്ങാട്ടുപറമ്പിലെ കേരള ആംഡ് പോലിസ് നാലാം ബറ്റാലിയന് ആസ്ഥാനത്ത് ശീതകാല ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2000 വിവിധയിനം പച്ചക്കറിത്തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. ശീതകാല ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കെഎപി നാലാം ബറ്റാലിയന് കമാന്റന്റ് കെ.പി.ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.
വിഷമയമായ ഭക്ഷണം കഴിക്കുന്നത് കാരണം കാന്‍സറും വൃക്കരോഗവും ഉള്‍പ്പെടെയുള്ള മാരകമായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിഷരഹിതവും സുരക്ഷിതവുമായ പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെഎപിയില്‍ ആരംഭിച്ച പച്ചക്കറിക്കൃഷിയെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് ഉള്‍പ്പെടെയുള്ള ജൈവകൃഷി ചെയ്ത് മികച്ച അംഗീകാരം നേടിയ കെ.എ.പി നാലാം ബറ്റാലിന് ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന പോലിസ് കേഡറ്റുകളുടെ സേവന സന്നദ്ധതകൂടിയാവുമ്പോള് ജില്ലയിലെ തന്നെ മികച്ച കാര്‍ഷിക കേന്ദ്രമായി മാങ്ങാട്ടുപറമ്പിനെ മാറ്റിയെടുക്കാനാവും. കൂടുതല്‍ കേന്ദ്രങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ച് വിഷരഹിത പച്ചക്കറിയുടെ കാര്യത്തില്‍ ജില്ലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബറ്റാലിയന് കമാന്റന്റ് കെ.പി.ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ വി.കെ. സുരേഷ്ബാബു, കെ.പി.ജയബാലന്‍, ടി.ടി.റംല, മെമ്പര്‍മാരായ അജിത്ത് മാട്ടൂല്‍, പി.പി.ഷാജിര്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ആര്.സുജാത, എസ്ഐ ഉണ്ണികൃഷ്ണന്, എ.എസ്.ഐ ബിജുമോന്, പോലിസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.രാധാകൃഷ്ണന്, പോലിസ് അസോസിയേഷന് പ്രസിഡന്റ് കെ.പി.രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കരിമ്പം ഫാമില്‍ നിന്നെത്തിച്ച ക്വാളിഫഌവര്‍, കാബേജ്, വെണ്ടയ്ക്ക, പച്ചമുളക്, കാന്താരി മുളക്, തക്കാളി, പയര്‍ തുടങ്ങിയവയാണ് ശീതകാല പച്ചക്കറികൃഷിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് രണ്ട് ഹെക്ടറോളം വരുന്ന പ്രദേശത്ത് വിവിധയിനം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച കെഎപി ബറ്റാലിയന് ജില്ലയിലെ ഏറ്റവും മികച്ച ജൈവകൃഷിക്കുള്ള അവാര്‍ഡിന് അര്‍ഹരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: