കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി സക്കീറിന്റേയും രണ്ടാം പ്രതി സിദ്ദിഖിന്റേയും അനധികൃത സ്വത്ത് സമ്പാദനം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും. പാര്‍ട്ടിയുടെ പേരില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി ഇയാള്‍ കോടികള്‍ സമ്പാദിച്ചതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വെണ്ണലയിലെ യുവവ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സക്കീര്‍ ഇപ്പോള്‍ ഒളിവാണ്. ഇതോടെ, ഭീഷണിപ്പെടുത്തി സക്കീര്‍ പണവും സ്ഥലങ്ങളും കൈക്കലാക്കിയതായി കാട്ടി നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തി. സക്കീറും ഗുണ്ടാസംഘത്തിലെ സിദ്ധിഖും ചേര്‍ന്ന് ഏക്കര്‍കണക്കിന് ഭൂമി സമ്പാദിച്ചതായി കണ്ടെത്തി. അഞ്ച് വര്‍ഷം മുമ്പ് വളരെ താഴ്ന്ന നിലയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് കോടികളുടെ ആസ്ഥിയുണ്ടെന്ന് വ്യക്തമായി.
കൊച്ചിയിലെ ഗുണ്ടാ അതിക്രമകേസില്‍ വാദിയെ പ്രതിയാക്കിയ സംഭവം പുനഃരന്വേഷിക്കാനും തീരുമാനമായി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സക്കീറും സിദ്ദിഖുമായിരുന്നു. 2012ല്‍ കൊച്ചി നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ വാദിയെയാണ് പ്രതിയാക്കിയത്. നിസാര്‍ അഹമ്മദായിരുന്നു പരാതിക്കാരന്. സിദ്ദിഖിനെതിരെയായിരുന്നു പരാതി. നിസാറിനെ സിദ്ദിഖ് ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി പണവും വസ്തുക്കളും തട്ടിയെടുത്തുവെന്നായിരുന്നു കേസ്. ആദ്യം സിദ്ദിഖിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും, പിന്നീട് വാദി പ്രതിയാകുകയായിരുന്നു. പരാതിക്കാരന് കളവുപറഞ്ഞ് സിദ്ദിഖിനെതിരെ കേസ് എടുപ്പിച്ചുവെന്നാണ് അന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ കേസ് ഇല്ലാതാക്കുകയായിരുന്നു.
സക്കീറിന്റെ അറസ്റ്റ് വൈകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. കളമശേരിയില്‍ കഴിയുന്ന ഇയാളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി പാര്‍ട്ടിക്ക് കൂടുതല്‍ ദോഷം ഉണ്ടാക്കുമെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. സക്കീര്‍ എവിടെയുണ്ടെന്ന് കളമശേരി പോലീസിനെ വിവരം അറിയിച്ചവരില്‍ കൂടുതല്‍ പേരും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു.
ക്രിമിനലുകളെ സംരക്ഷിക്കുന്ന ജില്ലാ സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കളമശേരിയില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. സക്കീറിനും ഗുണ്ടകള്‍ക്കുമെതിരെ ശക്തമായി നിലപാട് എടുക്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതികള്‍ അവഗണിച്ചതാണ് ഇന്ന് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങളിലേയ്ക്ക് എത്തിച്ചതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. ഭിന്നത രൂക്ഷമാകാതിരിക്കാന്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: