മാളികപ്പുറത്തമ്മയെ ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന് കല്യാണം കഴിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് കെ. മുരളീധരന്. ഈ പോക്കുപോയാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അത് നടത്തിക്കൊടുക്കേണ്ട സ്ഥിതിവരുമെന്ന സംശയവും മുരളി പ്രകടിപ്പിച്ചു. വിശ്വാസത്തില്‍ മാറ്റം വരുത്തിയാല്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആളുകള്‍ നോക്കിയിരിപ്പാണെന്ന മുന്നറിയിപ്പും നല്കി. വിവാദത്തിന്റെ ഗുണഭോക്താക്കള്‍ നമ്മള് രണ്ടുകൂട്ടരുമാകില്ലെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉപദേശിക്കാനുണ്ടായിരുന്നത്. ആരെ ഉദ്ദേശിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കി, സ്ത്രീപ്രവേശനമാകാമെന്ന അഭിപ്രായം ആര്എസ്എസിലുമുണ്ടെന്ന് മന്ത്രിയുടെ മറുപടി.
സ്ത്രീപ്രവേശനത്തിന് എതിരല്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാനും പാടില്ല. വേണ്ടണം എന്ന അഴകൊഴമ്പന്‍ നിലപാടിലായിരുന്നു പ്രതിപക്ഷത്തെ അയ്യപ്പഭക്തര്‍. ഭരണപക്ഷത്തെ മാളികപ്പുറങ്ങള്‍ അയ്യപ്പദര്‍ശനത്തിന് തിടുക്കം കൂട്ടി. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഇന്നല്ലെങ്കില്‍ നാളെ ശബരിമല കയറാമെന്ന പ്രതീക്ഷയിലാണ് ഇ.എസ്. ബിജിമോള്‍. കുട്ടിക്കാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന നാട്ടിലെ കാവില്‍ ഇപ്പോള്‍ സ്ത്രീകള്‍ കേറുന്നതുകൊണ്ട് കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. കഴിവുള്ളവര്‍ മല കയറട്ടെയെന്ന് പി. അയിഷാപോറ്റി. ഇവര്‍ക്ക് പിന്തുണയായി, ചരിത്രത്തിന്റെ പിന്‍ബലവുമായി മന്ത്രി ജി. സുധാകരനും. തിരുവിതാംകൂര്‍ രാജ്ഞി 38-ാം വയസ്സില്‍ ശബരിമല കേറിയിട്ടുണ്ടുപോലും. ഇതൊന്നും ദൈവം സൃഷ്ടിച്ചതല്ലല്ലോ, നാം സൃഷ്ടിച്ച ആചാരങ്ങളല്ലേ എന്ന ഇ.പി. ജയരാജന്റെ സംശയം തീര്‍ക്കാനൊന്നും ആരും മെനക്കട്ടില്ല. സ്ത്രീപ്രവേശനത്തിന് എതിരല്ല, പക്ഷേ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തിരുത്താന്‍ പറ്റില്ല എന്ന നിലപാടിലാണ് പ്രതിപക്ഷത്തെ ശബരിമലവിദഗ്ധര്.
വിശ്വാസത്തെ അഡ്മിനിസ്ട്രേറ്റീവ് ഓര്‍ഡര്‍ കൊണ്ട് മാറ്റം വരുത്താനാകുമോയെന്ന് തിരുവഞ്ചൂരിന് സംശയം. നിത്യബ്രഹ്മചാരിയായതു കൊണ്ടാണ് പ്രത്യേക ഏജ് ഗ്രൂപ്പില്‍ പെട്ട സ്ത്രീകള്‍ കയറരുതെന്ന ആചാരമുണ്ടായതെന്ന് ചെന്നിത്തല. 75 വയസ്സുള്ള സ്ത്രീകള്‍ വരെ പ്രസവിക്കുന്ന കാലത്ത് 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ ശബരിമല കേറരുതെന്ന് പറയുന്നതിലെ യുക്തിയാണ് ആര്. രാമചന്ദ്രന് മനസ്സിലാകാത്തത്.
സ്ത്രീപ്രവേശനം കാടുകയറിയതല്ലാതെ സന്നിധാനത്തിലെത്തിയില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി പറയട്ടെ എന്ന് പറഞ്ഞാണ് ശബരിമലചര്ച്ചയ്ക്ക് തീര്‍പ്പുണ്ടാക്കിയത്. പിന്നെയെന്തിന് ചര്‍ച്ച എന്നതു മാത്രം ബാക്കി. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഭേദഗതി ബില്‍ ചര്‍ച്ച സ്ത്രീപ്രവേശനത്തില്‍ മുങ്ങിയതു മിച്ചം.
നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണഭേദഗതി ബില്‍ ചര്‍ച്ചയിലും വയലും തണ്ണീര്‍ത്തടങ്ങളും മലകയറുന്നതാണ് കണ്ടത്. ആറന്മുള വിമാനത്താവളപദ്ധതിപ്രദേശത്ത് സര്‍ക്കാര്‍ വിത്തിറക്കിയോ ഇല്ലയോ എന്ന തര്ക്കപ്രശ്നമുന്നയിച്ചാണ് അടൂര്‍പ്രകാശ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ആറന്മുളയില് 2500 ഏക്കര്‍ വ്യവസായമേഖലയാക്കി വിജ്ഞാപനമിറക്കിയത് വിഎസ് സര്‍ക്കാരാണെന്ന് പി.ടി. തോമസും വി.ഡി. സതീശനുമെല്ലാം വാദിച്ചപ്പോള്‍ 2011ലെ തെരഞ്ഞെടുപ്പില്‍ ആറന്മുളയില് വിമാനത്താവളം പ്രചാരണായുധമാക്കിയ ഇടത് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ അടൂര്‍പ്രകാശ് പൊക്കിക്കാട്ടി.
ഭരണപക്ഷത്തെ പലര്‍ക്കും എയറോഡ്രോം ഫോബിയ എന്ന അസുഖം പിടിപെട്ടെന്നാണ് എം. ഉമ്മറിന്റെ വാദം. വിമാനത്താവളം കാണുമ്പോള്‍ നെല്ല് വിതയ്ക്കുന്നവര് അക്കൂട്ടത്തിലുണ്ടത്രെ. നെല്‍വയല്‍ നികത്താനുള്ള പഴുതിന് പാവപ്പെട്ടവരെയാണ് എല്ലാവരും കൂട്ടുപിടിക്കുകയെന്ന സത്യം മന്ത്രി ഇ. ചന്ദ്രശേഖരനും വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: