ഗാന്ധിനഗര്‍: ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഹൃദ്രോഗം വര്‍ദ്ധിക്കുവാന്‍ കാരണം ജീവിത ശൈലിയില്‍ വന്ന മാറ്റമാണെന്ന് ലോകത്തിലെ തന്നെ പ്രഥമസ്ഥാനീയനും ഫ്രാന്‍സിലെ ഹൃദ്രോഗ വിദഗ്ധനും ആന്റിയോ പ്ലാസ്റ്റി സര്‍ജ്ജനുമായ ഡോ.മാര്‍ക്ക് സില്‍വസ്ട്രി പറഞ്ഞു. കൊഴുപ്പടങ്ങിയ അമിതാഹാരവും വ്യായാമമില്ലാത്ത ജീവിതക്രമവും ഹൃദ്രോഗം ബാധിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധവാന്മാരാക്കുകയെന്നതാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അഭ്യര്‍ത്ഥനപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു അദ്ദേഹം. ആദ്യമായിട്ടാണ് ഫ്രാന്‍സില്‍നിന്നും ഉന്നതനായ ഹൃദ്രോഗവിദഗ്ധന്‍ ഇവിടെയെത്തുന്നത്. കാര്‍ഡിയോതൊറാസിക് വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ആറോളം രോഗികളുടെ ശസ്ത്രക്രിയയ്‌ക്ക് അദ്ദേഹം നേതൃത്വം വഹിക്കും. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് ചീഫ് സര്‍ജ്ജനുമായ ഡോ.കെ.ജയകുമാര്‍, പ്രൊഫസറും യൂണിറ്റ് ചീഫുമായ ഡോ.വി.എല്‍.ജയപ്രകാശ് തുടങ്ങിയ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ചേര്‍ന്ന് ആശുപത്രികവാടത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
















