കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാലെങ്കിലും പഠിക്കുമെന്നാണ് പറയാറ്. എന്നാല്‍ ഭാരതത്തിന്റെ അയല്‍രാജ്യമായ പാക്കിസ്ഥാന് കൊണ്ടാലും പഠിക്കില്ലെന്നാണ് ആ രാജ്യത്തിന്റെ പ്രവൃത്തികള്‍ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഭാരതത്തോട് യുദ്ധത്തിനു വന്നപ്പോഴെല്ലാം പാക്കിസ്ഥാന് തോറ്റമ്പിയിട്ടുണ്ട്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ പിന്നെയും ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് അയല്‍ബന്ധവും നയതന്ത്രമര്യാദകളും കാറ്റില്‍ പറത്തി അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യവും ഭീകരന്മാരും കാട്ടുന്ന ദുസ്സാഹസങ്ങള്‍ക്ക് ഉരുളക്കുപ്പേരി കണക്കിനാണ് ഭാരതം മറുപടി കൊടുക്കുന്നത്.
എന്നിട്ടും പിന്മാറാന് തയ്യാറല്ലെന്നാണ് ശത്രുതയോടെ മാത്രം പെരുമാറാന്‍ അറിയാവുന്ന ആ രാജ്യത്തെ ഭരണനേതൃത്വം വ്യക്തമാക്കുന്നത്. ജമ്മുകശ്മീരില്‍ സംഘര്‍ഷം വിതയ്ക്കാന്‍ പാക്ക് സൈന്യവും ഇസ്ലാമിക ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുമായി ചേര്‍ന്ന് കണ്ട്രോള് റൂം തുടങ്ങിയതായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ വെളിപ്പെടുത്തിയിരിക്കുന്നത് പാക്കിസ്ഥാന്റെ ദുഷ്ടലാക്ക് പകല്‍പോലെ തെളിയിക്കുന്നു. പാക്കധീന കശ്മീരില്പ്പെടുന്ന മുസഫറാബാദിലാണ് ‘ആല്‍ഫ 3’ എന്ന പേരിലുള്ള കണ്ട്രോള് റൂം തുറന്നിരിക്കുന്നത്. ഭീകരന് ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനു പിന്നില്‍ ‘ആല്‍ഫ’ ആയിരുന്നുവെന്നും എന്‍ഐഎ വെളിപ്പെടുത്തിയിരിക്കുന്നു.
അടുത്തിടെ പിടിയിലായ ഭീകരന് ബഹദൂര്‍ അലിയില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ലഷ്കര്‍ തലവന്‍ ഹാഫിസ് സയിദിലൂടെയാണ് ആല്‍ഫയുടെ പ്രവര്‍ത്തനം. ജനങ്ങളെ മുന്നില്‍നിര്‍ത്തി സൈന്യത്തിനെതിരെ ആക്രമണമഴിച്ചുവിട്ട് നിയന്ത്രണരേഖയ്ക്കടുത്ത് വിന്യസിച്ചിട്ടുള്ള ഭീകരരെ നിയന്ത്രിക്കുന്നതും ഈ കണ്ട്രോള് റൂമാണ്. പാക്ക് സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറുന്നുവെന്നാണ് ബഹദൂര്‍ അലിയെ ചോദ്യംചെയ്തപ്പോള്‍ മനസ്സിലായത്. എകെ 47 തോക്കുകള്‍, സ്ഫോടകവസ്തുക്കള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയവ ഭീകരര്‍ക്ക് പാക്കിസ്ഥാന് നല്‍കുന്നുണ്ട്.
തനിക്ക് ജിപിഎസ്, വടക്കുനോക്കിയന്ത്രം, റൂട്ട് മാപ്പുകള്‍ എന്നിവയും പാക്ക് സൈന്യം നല്‍കിയതായി അലി വെളിപ്പെടുത്തുന്നു. അലിയുടെ വെളിപ്പെടുത്തലുകള്‍ വീഡിയൊയിലാക്കി പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്. ഈ വീഡിയോ എന്‍ഐഎ പുറത്തുവിടുകയും ചെയ്തിരിക്കുന്നു. ഇക്കാര്യങ്ങളൊന്നും നിഷേധിക്കാന്‍ പാക്ക് ഭരണകൂടത്തിന് കഴിയില്ല. നാല് മാസമായി വിഘടനവാദികള്‍ ജമ്മുകശ്മീരില്‍ നടത്തുന്ന സംഘര്‍ഷത്തില്‍ ഭൂരിഭാഗം സ്കൂളുകളും അടച്ചിട്ടിരിക്കുന്നു. 30 സ്കൂളുകള്‍ ഇതിനകം തീയിട്ടു നശിപ്പിച്ചു. സ്കൂളുകളില്‍ പോകുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഭയമാണിപ്പോള്‍. മക്കളുടെ പഠനം മുടങ്ങിയത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും കുടുംബങ്ങളെ അലട്ടുന്നു. അതിനാല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സൈന്യം പദ്ധതി ആവിഷ്കരിച്ചു. താഴ്വരയിലെ ഭീകരവാദികളെയും വിഘടനവാദികളെയും നേരിടുന്നതിന് നേരത്തെ സൈന്യം നടപടിയെടുത്തിരുന്നു.
കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായവുമായാണ് സൈന്യം രംഗത്തിറങ്ങിയിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് സൗജന്യമായി പരിശീലനം നല്കുന്ന സ്കൂള്‍ ചലോ പദ്ധതിയാണ് സൈന്യം ആരംഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ അധ്യാപകരെ കണ്ടെത്തി സ്കൂളുകളിലും വീടുകളിലുമായി സൈന്യത്തിന്റെ സുരക്ഷയോടെയാണ് ക്ലാസെടുക്കുന്നത്. ‘പണവും പ്രശസ്തിയുമല്ല, പുസ്തകവും സ്കൂളുമാണ് എനിക്ക് വേണ്ടത് എന്ന മുദ്രാവാക്യം സൈന്യം കുട്ടികളെ പഠിപ്പിക്കുന്നു. കുട്ടികളെ പഠനത്തിന് അയക്കാന്‍ രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുന്നുമുണ്ട്. സൈന്യത്തിന്റെ ഇടപെടലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഭൂതകാലത്തിന്റെ ഭാരമില്ലാതെയാണ് പാക്കിസ്ഥാന് സൗഹൃദഹസ്തം നീട്ടിയത്.
സത്യപ്രതിജ്ഞാചടങ്ങില്‍ മറ്റ് സാര്‍ക്ക് രാജ്യത്തലവന്മാര്ക്കൊപ്പം പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ക്ഷണിക്കുകയുണ്ടായി. ഊഷ്മളമായ ഈ ബന്ധം ഉപയോഗിച്ച് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ്രപശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം ഭീകരരെ ഇളക്കിവിട്ട് ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തുടരാനാണ് പാക്ക് ഭരണകൂടം തീരുമാനിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് നവാസ് ഷെരീഫ് എന്ന് പറയാമെന്നേ ഉള്ളൂ. ഭരണത്തിന്റെ നേതൃത്വം ഇപ്പോഴും ഭീകരവാദികളോട് ചായ്വ് പ്രകടിപ്പിക്കുന്ന സൈന്യത്തിനുതന്നെയാണ്. സൈന്യത്തെ നിയന്ത്രിക്കുന്നതാകട്ടെ ഭാരതവിരോധം മുഖമുദ്രയായ ഐഎസ്ഐയും. ഈ കുതിര കയറല്‍ ഇനി അനുവദിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: