കാഞ്ഞാര്‍: സ്‌കൂള്‍ ഭിത്തിയിലെ ടൈല്‍ ഇളകി വീണ് വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂലമറ്റം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ചള്ളാവയല്‍ ഇലവുങ്കല്‍ വിനോദിന്റെ മകന്‍ അനന്ദു (16) വിനാണ് പരിക്കേറ്റത്. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അനന്ദുവിനെ തൊടുപുഴയിലെ ആസ്പത്രിയിലെത്തിച്ചു. വലതു കൈയ്യുടെ മൂന്ന് ഞരമ്പുകള്‍ മുറിഞ്ഞ് പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.ഇന്ന് സ്‌കൂളില്‍ വച്ച് നടക്കുന്ന സബ്ബ് ജില്ലാ പ്രവൃത്തി പരിചയമേളക്കായി ക്ലാസ് റൂം ഒരുക്കുന്നതിനിടെയാണ് അപകടം. അനന്ദുവും സുഹൃത്തുക്കളും മുറി വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭിത്തിയില്‍ പതിപ്പിച്ചിരുന്ന ടൈലുകള്‍ ഇളകി വീഴുകയായിരുന്നു. 2011 ലാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ അടര്‍ന്നു വീണതിന്റെ ബാക്കി ഭാഗം ഏത് സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ടൈല്‍ ഭിത്തിയില്‍ നിന്നും വേര്‍പ്പെട്ട് ഉള്‍വശം പൊള്ളയായ നിലയിലാണ്.
















