ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ എസ്എഫ്‌ഐക്കാരുടെ ക്രൂരമായ റാഗിങിനിരയായ വിഷ്ണുപ്രസാദ് എന്ന വിദ്യാര്‍ത്ഥിയെ ഡിവൈഎഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം കോളേജില്‍ അതിക്രമിച്ച് കയറിയ ഡിവൈഎഫ്‌ഐക്കാര്‍ ക്ലാസ് നടക്കുന്ന സമയത്താണ് വിഷ്ണു പ്രസാദിന് നേരെ ഭീഷണി മുഴക്കിയത്. റാഗിങ് വീരന്മാരായ എസ്എഫ്‌ഐ ക്രിമിനലുകള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ഡിവൈഎഫ്‌ഐ നേതാവ് നിയാസിന്റെ നേതൃത്വത്തിലുള്ളവരാണ് ഭീഷണിയുമായി എത്തിയത്. ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡിനും കോളേജ് അധികൃതര്‍ക്കും വിഷ്ണു പരാതി നല്‍കി. കോളേജ് അധികൃതര്‍ പോലീസിന് പരാതി കൈമാറിയിട്ടും നടപടിയെടുത്തിട്ടില്ല. എസ്എഫ്‌ഐക്കാരുടെ വാലായി കട്ടപ്പന പോലീസ് പ്രവര്‍ത്തിക്കുകയാണ്. ഇതിനാലാണ് കോളേജില്‍ അതിക്രമിച്ച് കയറിയ ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തുനിയാത്തത്. റാഗിങ് കേസില്‍പ്പെട്ട എസ്എഫ്‌ഐക്കാര്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുത്തെങ്കിലും പോലീസ് പ്രതികള്‍ക്ക് രക്ഷപെടാന്‍ പഴുതൊരുക്കുകയാണ്. പൂര്‍ണ്ണമായും സിപിഎമ്മിന്റെ ദാസ്യവേലയാണ് കട്ടപ്പന പോലീസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ പ്രതികളായ എസ്എഫ്‌ഐക്കാര്‍ പോലീസിന് മുന്നിലൂടെ പായുമ്പോഴും പോലീസ് കണ്ട ഭാവം നടിക്കുന്നില്ല. നീതി നിര്‍വ്വഹിക്കുന്ന കോളേജ് അധ്യാപകര്‍ക്കെതിരെ എസ്എഫ്‌ഐക്കാരുടെ വധഭീഷണിയും നിലനില്‍ക്കുകയാണ്. ഇതേക്കുറിച്ച് ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
















