അടിമാലി: അടിമാലിയിലെ ജലനിധിപദ്ധതികള്‍ അവതാളത്തിലായതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. മഴകുറഞ്ഞതോടെ മേഖലയിലാകെ ഇപ്പോള്‍ കുടിവെള്ളപ്രശ്‌നം ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി 2013ല്‍ ആരംഭിച്ച ജലനിധിപദ്ധതികളാകെ അട്ടിമറിയ്‌ക്കപ്പെട്ട നിലയിലാണ്.
ആരംഭിച്ച പദ്ധതികളെല്ലാം പാതിവഴിയില്‍ നിലച്ചു. 21 വാര്‍ഡുകളില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. ലോകബാങ്കിന്റെ സഹകരണത്തോടെ 30 കോടി രൂപയായിരുന്നു അടങ്കല്‍ തുക. സമയബന്ധിതമായി പദ്ധതി നടപ്പാകാതെ വന്നതോടെ കാലാവധി നീട്ടി നല്‍കിയിട്ടും പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 4000 രൂപ വീതം ആയിരക്കണക്കിന് ഉപഭോക്താക്കളില്‍ നിന്നും പിരിച്ചെടുത്തിരുന്നു.
പിരിച്ചെടുത്ത തുക ബാങ്കില്‍ നിക്ഷേപിച്ചിരിയ്‌ക്കുന്നതായാണ് അധികൃതരുടെ മറുപടി. പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിക്കൂട്ടിയ പൈപ്പുകള്‍ പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ട നിലയിലാണ്. വനവാസി മേഖലയില്‍ നിന്നും പണം ഈടാക്കരുതെന്ന നിബന്ധനയും അട്ടിമറിയ്‌ക്കപ്പെട്ടു. കഴിഞ്ഞ തവണയും ഇപ്പോഴും യുഡിഎഫാണ് പഞ്ചായത്ത് ഭരിയ്‌ക്കുന്നത്. ഭരണസമിതിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരിയ്‌ക്കുവാന്‍ പ്രധാന പ്രതിപക്ഷമായ സിപിഎമ്മും ഇതുവരെ തയ്യാറായിട്ടില്ല.
ഇത്തവണ കാലവര്‍ഷം ദുര്‍ബ്ബലമാവുകയും തുലാമഴ കുറയുമെന്ന ആശങ്കയും നിലനിക്കെ ജലപദ്ധതികള്‍ പൂവണിഞ്ഞില്ലെങ്കില്‍ ജനം വെള്ളംകിട്ടാതെ വലയും. വേനല്‍ രൂക്ഷമാകുന്നതിന് മുന്‍പ് പഞ്ചായത്ത് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
















