അമേരിക്കക്കാരി സണ്ണികോശി ഒരു ഹ്രസ്വ സന്ദര്‍ശനത്തിനാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെത്തിയത്. കോട്ടയംകാരന് ഭര്‍ത്താവ് റ്റോം കോശിയും ഒപ്പമുണ്ടായിരുന്നു. അവിടെ അമേരിക്കന്‍ കമ്പനിയായ സ്പെര്ഡിയന്റെ സ്വീകരണമുറിയിലെ ചുവരില്‍ കണ്ട കേരളീയ പരമ്പരാഗതശൈലിയിലുളള ചിത്രം മദാമ്മയെ വല്ലാതെ ആകര്‍ഷിച്ചു. അതിന്റെ സ്രഷ്ടാക്കളെത്തേടിയുള്ള അന്വേഷണത്തിനൊടുവില്‍ പ്രശസ്ത ചുവര്‍ചിത്രകാരി ശ്യാമളകുമാരിയില് ചെന്നെത്തി.
അവിടെ ആരംഭിക്കുന്നതാണ് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുവര്‍ചിത്ര കലാപഠനം. വിസിറ്റിംഗ് വിസയുടെ കാലാവധി അവസാനിക്കുന്ന മൂന്നുമാസ കാലയളവിനുള്ളില്‍ കേരളത്തിന്റെ തനതുകലയുടെ അടിസ്ഥാനപാഠങ്ങള്‍ സ്വയത്തമാക്കി. ജന്മനാ വരയില്‍ വൈദഗ്ധ്യമുണ്ടായിരുന്ന സണ്ണികോശിക്ക് പഠനം അനായാസമായി. കുറേശ്ശെ മലയാളം അറിയാമായിരുന്നതുകൊണ്ട് ആശയവിനിമയവും സുതാര്യമായി.
രേഖാരചനയിലാരംഭിച്ച് അഷ്ടദളപുഷ്പങ്ങളായ മഷിപ്പൂക്കളുടെ വ്യത്യസ്ത മാതൃകകള്‍ വരച്ച് പരിശീലിക്കുമ്പോള്‍ ഈ അന്യദേശക്കാരിക്ക് ആത്മവിശ്വാസമായി. ഒരു പഞ്ചവര്‍ണ്ണകിളിയെ വരച്ചുകൊണ്ട് അഞ്ച് നിറങ്ങള്‍ പ്രയോഗിക്കാനുള്ള പരിശീലനം നേടി. താമരപ്പൂവ് വരച്ച് ഡോട്ട്ഷേഡിംഗിന്റെ ലയവിന്യാസം ബോധ്യപ്പെട്ടു. മ്യൂറല്‍ ശൈലിയിലുള്ള അര്‍ധകായ സ്ത്രീരൂപം വരച്ചുകൊണ്ട് ശൈലീപരമായ വേര്‍തിരിവ് തിരിച്ചറിഞ്ഞു. മഞ്ഞയും പച്ചയും നിറങ്ങളിലുള്ള രണ്ട് അര്‍ധകായരൂപം വരച്ചുകൊണ്ട് നിറങ്ങളുടെ പ്രതീകാത്മസങ്കല്പം ബോധ്യപ്പെട്ടു.
അവസാനം കാന്‍വാസ് പ്രതലത്തില്‍ ഒരു ഐശ്വര്യഗണപതിയെ ആവിഷ്കരിച്ചുകൊണ്ട് പ്രാഥമികപഠനം പൂര്‍ത്തിയാക്കി. നീലനിറത്തിലുള്ള ഇരിക്കുന്ന വേണുഗോപാലനെയും പൂര്‍ത്തിയാക്കുമ്പോള്‍ അമേരിക്കയിലേക്കുള്ള മടക്കയാത്രക്ക് സമയമായി. ഇ മെയിലിലും വെബ്സൈറ്റിലുമായി വിദൂരപഠനം തുടരുന്നു.
കേരള പരമ്പരാഗതശൈലി സമന്വയിപ്പിച്ചുകൊണ്ട് ഒരു പുത്തന്‍ ശൈലി ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സണ്ണികോശി. ഗുരുവായ ശ്യാമളകുമാരിക്ക് ദേശീയ പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷത്തിലാണ് ഈ അമേരിക്കക്കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: