മരട്: സൗദിയില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായ 13 സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ബിജെപി കുമ്പളം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെയും മഹിളാമോര്‍ച്ചയുടെയും നേതൃത്വത്തില്‍ തട്ടിപ്പുനടത്തിയ കുമാര്‍ ട്രാവല്‍ഏജന്‍സി ഉപരോധിച്ചു.
സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കി 8 പേരെയും നാട്ടില്‍ തിരികെയെത്തിക്കുക, കുമാര്‍ ട്രാവല്‍സിനെതിരെ നിയമ നടപടി സ്വീകരിക്കുക, ഏജന്‍സി കൈക്കലാക്കിയ തുക തിരികെ നല്‍കുക, വഞ്ചിക്കപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കുമാര്‍ ട്രാവല്‍സിനെതിരെയും യുണൈറ്റഡ് അറബ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്‌സ് എന്ന റിക്രൂട്ടിംഗ് ഏജന്‍സിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍, തൃപ്പൂണിത്തുറ നിയോജക മണ്ഡലം എംഎല്‍എ അഡ്വ.എം. സ്വരാജ്, എറണാകുളം സിറ്റിപോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവര്‍ക്ക് ബിജെപി കുമ്പളം പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരുനിയമ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സൂചനാ ഉപരോധ സമരം സംഘടിപ്പിച്ചത്. അധികാരികളുടെ ഭാഗത്തു നിന്നും ഉചിതമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല ഉപരോധ സമരവുമായി മുന്നോട്ടുപോകും എന്ന് സമരക്കാര്‍ അറിയിച്ചു.
ബിജെപി മഹിളാ മോര്‍ച്ച തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് അംബിക വിജയന്‍ അദ്ധ്യക്ഷത വഹിച്ച ഉപരോധ സമരം ബിജെപി ജില്ലാ ജന. സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ബിജെപി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സി.ജി.രാജാഗോപാല്‍, കുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.പി. പ്രമോദ്, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കാമിനി ജെയിന്‍, ജില്ലാ സെക്രട്ടറി അഡ്വ.പ്രീതി, തൃപ്പൂണിത്തുറ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കുമാരിഅയ്യപ്പന്‍, സെക്രട്ടറി ബിന്ദു ബാബു എന്നിവര്‍ സംസാരിച്ചു.
ബിജെപി കുമ്പളം പഞ്ചായത്തു കമ്മിറ്റിയുടെ ഇടപെടലുകള്‍ മുഖേന 13 പേരില്‍ 5 പേരെ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു.
















