കോട്ടയം: എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ രാമപുരത്തെ കോട്ടമല സന്ദര്‍ശിച്ച് മത്സരിച്ച് കൊണ്ടിരിക്കുകയാണെന്നും ഇത്തരത്തിലുള്ള സന്ദര്‍ശനമല്ല ശക്തമായ നടപടികളാണ് ആവശ്യമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പ്രസ്താവിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ ഈ പാറമടയ്‌ക്ക് അനുകൂലമായിട്ടാണ് ഇരുമുന്നണികളും നിലപാട് എടുത്തിരുന്നത്. സുപ്രീംകോടതിയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നതുവരെ ഇവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.
യുഡിഎഫാണ് രാമപുരം പഞ്ചായത്ത് ഭരിക്കുന്നത്. എല്‍ഡിഎഫ് പ്രതിപക്ഷത്തും. ഭരണതലത്തിലുള്ള എല്ലാ സഹായങ്ങളും ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിക്ക് അനുകൂല ഉത്തരവ് സമ്പാദിക്കാനായത്.
പഞ്ചായത്ത് കേസ് നടത്തി പരാജയപ്പെടുകയായിരുന്നു. നിരന്തര ഇടപെടലുകളിലൂടെ ബിജെപി ഈവിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസം കൊണ്ടുവന്നപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായി നിന്നു. എല്‍ഡിഎഫ് പ്രതികരിക്കുന്നില്ല. രാമപുരത്തെ മുന്നണി രാഷ്‌ട്രീയത്തിലെ വിഴുപ്പലക്കല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അല്ലാതെ കോട്ടമല വിഷയത്തില്‍ ഒരു പ്രതിവിധിയും ഉണ്ടായിട്ടില്ല. ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്‌ട്രീപ്രസംഗങ്ങളല്ല മറിച്ച് അധികാരം കയ്യിലുള്ളവര്‍ ക്രിയാത്മകമായ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.
















