ചെറുവാഞ്ചേരി(പാനൂര്‍): സിപിഎം അക്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രചണ്ഡമായ പ്രചരണവുമായി ബിജെപി മുന്നോട്ടു പോകുകയാണെന്നും പോലീസിനെ ഉപയോഗിച്ച് കളളക്കേസും അക്രമവും തുടരുകയാണെങ്കില്‍ കണ്ണൂരില്‍ ഒപ്പുവെച്ച സമാധാന ഉടമ്പടി പുന:പരിശോധിക്കേണ്ടി വരുമെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎം അക്രമത്തിനും നുണപ്രചരണത്തിനുമെതിരെ ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റി ചെറുവാഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ ആറുമാസം കൊണ്ട് അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണ്. ബന്ധുക്കള്‍ക്കെല്ലാം ജോലി നല്‍കുന്നു. സിപിഎം പ്രവര്‍ത്തകരുടെ ചെയ്തികള്‍ കാരണം സ്ത്രീജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പാര്‍ട്ടി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നാണ് പറയുന്നത്. അതിലും ഗുണകരം കടുക്കകൃഷി ആരംഭിക്കുന്നതാണെന്നും അങ്ങിനെയെങ്കിലും സ്ത്രീകള്‍ രക്ഷപ്പെടട്ടെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു. കേന്ദ്രസര്‍ക്കാറിന്റെ കനിവുകൊണ്ട് മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതും കേന്ദ്രത്തിന്റെ ഇടപ്പെടല്‍ കൊണ്ടു മാത്രമാണ്. ഇവിടെ നടക്കുന്നത് അക്രമവും പീഡനവുമാണ്. എന്തുനടന്നാലും പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തൃശൂരിലെ പീഡനം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് പറയുന്നത്. ഇതെന്താ ചൈനയാണോ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍? പോലീസാണ് അന്വേഷിക്കേണ്ടത്. ജയന്തനെന്ന സിപിഎം നേതാവ് ഇന്നു സൈര്യവിഹാരം നടത്തുന്നു. ഇയാളെ അറസ്റ്റു ചെയ്യാത്ത പോലീസ് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ മിടുക്കു കാട്ടുകയാണ്. ചേര്‍ത്തലയിലെ അനാഥമന്ദിരത്തില്‍ കയറി ഒരു പെറ്റിക്കേസ് പ്രതിയെ കല്ല്യാണം നടക്കുമ്പോള്‍ അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോള്‍ പീഡനവീരന്‍മാരായ സിപിഎം നേതാക്കള്‍ക്ക് പോലീസ് എസ്‌കോര്‍ട്ടു പോകുകയാണ് .കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ അക്രമം നടന്നിട്ടും പിണറായി വിജയനു മിണ്ടാട്ടമില്ല. അക്രമവും കൊലയും തുടരുകയാണ്. കണ്ണൂര്‍ രാഷ്‌ട്രീയ അക്രമത്തില്‍ മാത്രമല്ല കുപ്രസിദ്ധമാകുന്നത്. ഇപ്പോള്‍ ഭീകരന്‍മാരുടെ താവളവും ഇവിടെ പാര്‍ട്ടി ഗ്രാമങ്ങളിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസിനെതിരായി ഭീകരവാദികളുമായി കൈകോര്‍ക്കുകയാണ് സിപിഎമ്മെന്നും സംസ്ഥാനത്ത് സിപിഎമ്മിന്റെ ചെയ്തികള്‍ കാരണം ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ആര്‍.വി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു .ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍തില്ലങ്കേരി, ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, വി.പി.സുരേന്ദ്രന്‍, സി.കെ.കുഞ്ഞിക്കണ്ണന്‍, കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. പി.സുധീര്‍ സ്വാഗതവും പി.വി.വത്സന്‍ നന്ദിയും പറഞ്ഞു. പൂവ്വത്തൂരില്‍ നിന്നും ആരംഭിച്ച ബഹുജനപ്രകടനത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡണ്ടും സിപിഎം നേതാവുമായ എ.അശോകനെതിരെ മുദ്രാവാക്യം വിളികളുമായി അണിനിരന്നവരുടെ പ്രതിഷേധം സിപിഎമ്മിനും പോലീസിനും കനത്ത താക്കീതുനല്‍കുന്നതായി മാറി.
















