കണ്ണൂര്‍: ദേശീയ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയെ ചൊല്ലി കേരള, കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പുകള്‍ തമ്മിലുള്ള പോര് തുടരുന്നു. കേരള, കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ യാത്രക്കാരും ഉദ്യോാഗസ്ഥരും തമ്മിലുള്ള വാക്ക് തര്‍ക്കം പലപ്പോഴും കൈയാങ്കളി വരെയെത്തുന്ന സ്ഥിതിയാണ്. കേരളത്തില്‍നിന്നുള്ള ഇത്തരം വാഹനങ്ങളില്‍നിന്ന് വന്‍തുക നികുതിയിനത്തില്‍ ഈടാക്കുന്നതിന് പകരമായി കര്‍ണാടകയില്‍നിന്നുള്ള വാഹനങ്ങളില്‍നിന്ന് െ്രെതമാസ നികുതി ഈടാക്കാന്‍ തീരുമാനിച്ചതോടെയാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാവുന്ന രീതിയില്‍ പ്രശ്‌നം വളര്‍ന്നത്. എന്നാല്‍ ഇത് നേരത്തെ ഒരു വര്‍ഷത്തേക്കാണ് തീരുമാനിച്ചിരുന്നത്. കോടതി ഇടപെട്ടതോടെ മൂന്നു മാസമായി കുറക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് പരിഷ്‌കരിച്ച പുതിയ നികുതിനിരക്ക് നിലവില്‍ വന്നത്.
അതേസമയം കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പെര്‍മിറ്റ് വാങ്ങിക്കാനുള്ള സൗകര്യവും ചെക്ക് പോസ്റ്റുകളില്ല. എന്നാല്‍ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നു കര്‍ണാടകയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കിടെ പിടികൂടിയാല്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് പിഴയീടാക്കുന്നത്. മുത്തങ്ങയില്‍ മാത്രമാണ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മാക്കൂട്ടം വഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഇത്ു കടുത്ത ദുരിതമായി തീരുകയാണ്.
കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഡോ.തോമസ് ഐസക് പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചത്. ജൂലായ് 18ന് ഇതുസംബന്ധിച്ച് അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവും ഇറക്കി.കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളില്‍നിന്ന് മറ്റു സംസ്ഥാനങ്ങള്‍ ഈടാക്കുന്നതിന് തുല്യമായ തുകയാണ് നികുതിയിനത്തില്‍ ഈടാക്കേണ്ടതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളില്‍നിന്ന് െ്രെതമാസ നികുതിയും പ്രത്യേക പെര്‍മിറ്റ് എടുത്ത വാഹനങ്ങളില്‍നിന്ന് അവ കേരളത്തില്‍ ചെലവഴിക്കുന്ന ദിവസങ്ങള്‍ക്കനുസരിച്ചും നികുതി ഈടാക്കണം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നികുതി ഏകീകരണ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കര്‍ണാടക ഇതില്‍ ഉള്‍പ്പെടാത്തതിനാലാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്.
കര്‍ണാടയില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ ഒരു സീറ്റിന് 3500 രൂപ െ്രെതമാസ നികുതിയായി നല്‍കേണ്ടി വരും. പത്ത് സീറ്റുള്ള വാഹനം അടയ്‌ക്കേണ്ടത് 35000 രൂപ. ഇത്രയും ഭീമമായ തുക അടയ്‌ക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മോട്ടോര്‍ തൊഴിലാളികള്‍ക്കുള്ളത്.
മുമ്പ് കര്‍ണാടക സര്‍ക്കാര്‍ വാര്‍ഷിക നികുതി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു സംസ്ഥാനങ്ങളും പരസ്പരം ചുമത്തുന്ന നികുതികള്‍ കൂടുതലാണെന്നും ഇത് ഗതാഗത-ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
















