മലയിന്‍കീഴ്: തേവുപാറ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന മരങ്ങള്‍ മോഷ്ടിച്ച കേസ്സില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം നടുക്കാട് അനിലിനും കൂട്ടാളി തങ്കച്ചനും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. നടുക്കാട് അനില്‍, തങ്കച്ചന്‍ എന്നിവരെ കേസില്‍ ഒന്നും മൂന്നും പ്രതികളാക്കിയാണ് മലയിന്‍കീഴ് പോലീസ് കേസ്സെടുത്തിരുന്നത്. ഇവര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യം നേടുകയായിരുന്നു. നടുക്കാട് അനിലിനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുപിടിച്ച് ശ്രമം നടത്തിയിരുന്നു. ഇത് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്തംഗത്തെ ഒഴിവാക്കിയാല്‍ വ്യാപക പ്രതിഷേധമുണ്ടാകുമെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഇയാളെ ഒന്നാം പ്രതിയാക്കുകയായിരുന്നു. എന്നാല്‍ നടുക്കാട് അനിലിന്റെയും തങ്കച്ചന്റെയും അറസ്റ്റ് പോലീസ് മനപൂര്‍വ്വം വൈകിച്ചു. ഈ അവസരം മുതലെടുത്ത് ഇവര്‍ കോടതിയില്‍ നിന്നും ജാമ്യം നേടുകയായിരുന്നു. സംഭവം നടന്ന് രണ്ടാം ദിവസം രണ്ടാം പ്രതി തേവുപാറ പ്ലാവിള വീട്ടില്‍ ആല്‍ബി (55)യെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
മലയിന്‍കീഴ് പഞ്ചായത്തിലെ തേവുപാറ ശുദ്ധജലസംഭരണി പരിസരത്തുനിന്ന മരങ്ങളാണ് രണ്ടാഴ്ച മുന്‍പ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ മുറിച്ചുവിറ്റത്. നടുക്കാട് അനില്‍, ആല്‍ബി ഇവരുടെ സുഹൃത്തായ തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് മരങ്ങള്‍ മുറിച്ചുവിറ്റ് പണം തട്ടിയത്. മരങ്ങള്‍ തച്ചോട്ടുകാവിലെ സ്വകാര്യ തടിമില്ലില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
നാട്ടുകാരാണ് ആദ്യം പോലീസിനെയും പഞ്ചായത്ത് അധികൃതരെയും മോഷണ വിവരം അറിയിച്ചത്. സംഭവം വിവാദമായതോടെ സെക്രട്ടറി അജിത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
















