തിരുവനന്തപുരം: അഞ്ചാമത് അന്താരാഷ്‌ട്ര റേഡിയോളജി ദിനാഘോഷം നാളെ നടക്കും. ഇന്ത്യന്‍ റേഡിയോളജി ആന്റ് ഇമേജിംഗ് അസോസിയേഷന്‍ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റോഡിയോളജി ദിനാഘോഷത്തിന്റെജില്ലാതല ഉദ്ഘാടനം ആര്‍സിസിയില്‍ രാവിലെ 11ന് ആര്‍സിസി ഡയറക്ടര്‍ ഡോ പോള്‍ സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. ഡോ പ്രദീപ് അദ്ധ്യക്ഷത വഹിക്കും. ഈ വര്‍ഷത്തെ ദിനാഘോഷത്തിന്റെ മുഖ്യചര്‍ച്ചാവിഷയം സ്തനാര്‍ബുദ ഇമേജിംഗ് എന്നതാണ്. ഇത് ആദ്യമായാണ് ദിനാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ച്‌കൊണ്ട് ചര്‍ച്ചയും സിംബോസിയവും സംഘടിപ്പിക്കുന്നതെന്ന് ഡോ പ്രദീപ് അറിയിച്ചു. സ്തനാര്‍ബുദത്തെ കുറിച്ചും അത് സ്ഥിരീകരിക്കാനുമുള്ള നൂതന രീതികളെകുറിച്ചും ചര്‍ച്ച നടക്കും. റേഡിയോളജിയുടെ വിവിധ സാധ്യതകളെയും സാങ്കേതിക വിദ്യകളെയും കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ഈ ദിനാഘോഷം വഴി സാധിക്കുമെന്ന് ഡോ പ്രദീപ് അഭിപ്രായപ്പെട്ടു.
ഡോ സുരേഷ്ബാബു, ഡോ മനോജ് ടി. പിള്ള, ഡോ രാമചന്ദ്രന്‍, ഡോ എന്‍. റോയി, ഡോ മാധവന്‍ ഉണ്ണി, ഡോ വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. സ്തനാര്‍ബുദ ഇമേജിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഡോ പ്രശാന്ത് പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകള്‍, സര്‍ജന്‍മാര്‍, സാമൂഹ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ബ്രെസ്റ്റ് ഇമേജിംഗ് എന്ന വിഷയത്തില്‍ ഡോ വേണുഗോപാല്‍ മോഡറേറ്ററായി സിംബോസിയം സംഘടിപ്പിക്കുമെന്നും അസോസിസയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
















