പാനൂര്‍: കണ്ണൂര്‍ ജില്ലയില്‍ 2008 മുതല്‍ പട്ടയത്തിന് അപേക്ഷ നല്‍കിയവരുടെ കാത്തിരിപ്പ് നീളുന്നു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം 6 മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും ഇവരുടെ കാത്തിരിപ്പ് തുടരുകയാണ്. കലക്ട്രേറ്റിലെ പട്ടയ അപേക്ഷകള്‍ പരിഗണിക്കുന്ന ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ കയറിയിറങ്ങി മടുത്തവരുടെ മുന്നില്‍ ഇനി ആരെ കാണണമെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയായില്ല. കൈവശഭൂമിയില്‍ അവകാശത്തിനായി കാത്തിരിക്കുന്നവരുടെ ദയനീയത പറഞ്ഞറിയിക്കാനാവാത്തതാണ്. കലക്ട്രേറ്റിലെ ബി സെക്ഷനില്‍ ഓരോ വര്‍ഷവും ആയിരത്തിനടുത്ത് പട്ടയ അപേക്ഷകള്‍ വരുന്നുണ്ട്.നാലുവര്‍ഷം മുന്‍പ് ലഭിച്ച അപേക്ഷകള്‍ പോലും ഇന്നും പരിഗണിച്ചില്ലത്രേ. അഞ്ചു പതിറ്റാണ്ടു മുന്‍പ് മണ്‍കട്ടയില്‍ പണിത ലക്ഷംവീട് കോളനിയിലെ മിക്കവീടുകളും ഇന്നു തകര്‍ന്നു കഴിഞ്ഞു. ഇവര്‍ക്ക് പട്ടയം ഇല്ലാത്തതിനാല്‍ വീടുപുതുക്കാനോ പുനര്‍നിര്‍മ്മിക്കാനോ കഴിയുന്നില്ല. പലരും വാടകവീട്ടിലും ബന്ധുവീടുകളിലും അഭയംതേടിയിരിക്കുന്നു. തലശേരി താലൂക്കിലെ പട്ടയ അപേക്ഷകള്‍ കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നത്. ഇവിടെയും ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ, സാമ്പത്തിക സ്വാധീനമുപയോഗിച്ച് ഫയലുകള്‍ തീര്‍പ്പു കല്‍പ്പിച്ചു നല്‍കുന്നതായും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.ഓഫീസിലെ ജീവനക്കാരുടെ മെല്ലെപ്പോക്ക് നയമാണ് പാവങ്ങളായ നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്ക് മീതേ കരിനിഴല്‍ വീഴ്‌ത്തുന്നത്. ജനപക്ഷ സര്‍ക്കാരാണ് ഭരിക്കുന്നത് ഊറ്റംകൊളളുമ്പോഴാണ് വീടുനിര്‍മ്മിക്കാന്‍ കഴിയാതെ ആയിരങ്ങള്‍ പട്ടയത്തിനായി കാത്തിരിക്കുന്നത്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവരും ഒന്നും ചെയ്യുന്നില്ലെന്ന് അപേക്ഷകര്‍ തുറന്നു പറയുന്നു.
















