മാള: വെള്ളാങ്ങല്ലൂരില്‍ അമ്മിണിപ്പാടം സലിം കാട്ടകത്തിന് മഞ്ഞള്‍ കൃഷിയുമായുള്ള ബന്ധം തുടങ്ങിയിട്ട് ഒരു ദശകത്തിലേറെയായി. തുടക്കത്തില്‍ വളരെ ചെറിയ സ്ഥലത്ത് നാമമാത്രമായ രീതിയിലാണ് മഞ്ഞള്‍കൃഷിക്ക് തുടക്കമിട്ടത്. ഇപ്പോഴത് രണ്ടര ഏക്കറില്‍ എത്തിയിരിക്കുന്നു. ഇതോടൊപ്പം വാഴ, പച്ചക്കറി, തെങ്ങ്, കവുങ്ങ് എന്നിവയും സലിമിന്റെ കൃഷിയിടത്തിലുണ്ട്. ശുദ്ധമായ മഞ്ഞള്‍ പഞ്ചായത്തിലേയും സമീപ സ്ഥലങ്ങളിലേയും വീടുകളില്‍ എത്തിക്കണമെന്ന ഉദ്ദേശമാണ് ഇദ്ദേഹത്തിനുള്ളത്. ഇതിന്റെ ഭാഗമായി മഞ്ഞള്‍പൊടിയുടെ ഔഷധഗുണത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനായി സ്കൂളുകള്‍, ക്ലബ്ബുകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവിടങ്ങളില്‍ സലിം സ്ഥിരമായി എത്തുകയും വിശദീകരിക്കുകയും ചെയ്യുന്നു. കൃഷിയിടത്തെക്കുറിച്ച് പ്രചരണം വ്യാപകമായതോടെ സമീപ പ്രദേശങ്ങളിലെ സ്കൂളുകളില്‍ നിന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇവിടേക്ക് കൂട്ടംകൂട്ടമായി എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം സിനിമാതാരങ്ങളായ സലിംകുമാറും ശ്രീനിവാസനും സലിമിന്റെ മഞ്ഞള്‍ കൃഷിയിടം സന്ദര്‍ശിക്കുവാനെത്തി. ഇതിന്റെ പരിപാലനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിയുകയും ചെയ്തു. വെള്ളാംങ്ങല്ലൂര്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ പ്രോത്സാഹനവും നിര്‍ദ്ദേശവും വീട്ടുകാരുടെ സഹകരണവും സലിമിന് ഏറെ പ്രചോദനമുണ്ടാക്കുന്നു. എല്ലാവര്‍ഷവും അത്യുല്പാദന ശേഷിയുള്ള പ്ലാവിന്‍തൈ, ഇലഞ്ഞി, മാവിന്‍തൈ തുടങ്ങിയ മരങ്ങളുടെ ആയിരക്കണക്കിന് തൈകള്‍ ഉത്പാദിപ്പിച്ച് അവയെ വനംവകുപ്പിന് കൈമാറാറുണ്ടെന്ന് സലിംകുമാര്‍ പറഞ്ഞു. വെള്ളാങ്ങല്ലൂര്‍ കൃഷിഭവനിലെ ജൈവകര്‍ഷകനുള്ള പുരസ്കാരം 2014ല്‍ പഞ്ചാത്തിന്റെ മികച്ച കര്‍ഷകനുള്ള ആത്മ പുരസ്കാരം, വനംവകുപ്പിന്റെ വനംമിത്ര പുരസ്കാരം എന്നിവ ഇതിനകം സലിമിനെത്തേടിയെത്തി. ഇത്തവണ മൂവായിരത്തോളം കിലോ മഞ്ഞള്‍ കൃഷിചെയ്തുണ്ടാക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: