സ്വന്തം ലേഖകന്‍
മലപ്പുറം: മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കോടതികളുടെ സുരക്ഷ ചര്‍ച്ചയാകുകയാണ്. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. അതേ സമയം മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, പരപ്പനങ്ങാടി തുടങ്ങിയ എല്ലാ കോടതികളും സുരക്ഷിതമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
മഞ്ചേരി ജില്ലാ കോടതിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ജില്ലാ കോടതിക്കു പുറമെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതികള്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണല്‍, മുന്‍സിഫ് കോടതി, സബ് കോടതി എന്നിവ പ്രവര്‍ത്തിച്ചുവരുന്ന കോടതി സമുച്ചയം സന്ധ്യമയങ്ങിയാല്‍ ഇരുട്ടിലാകും. തെരുവുവിളക്കുകളുണ്ടെങ്കിലും ഒന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.
പോലീസ് സ്റ്റേഷന്, താലൂക്ക് ഓഫിസ്, കാന്റീന്, ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ തുടങ്ങിവയുടെ ഭാഗങ്ങളിലുള്ള പ്രവേശന കവാടങ്ങള്‍ രാത്രി രാത്രിയിലും തുറന്നിട്ട നിലയിലാണ്. ചുറ്റുമതിലുണ്ടെങ്കിലും മിക്ക കവാടങ്ങള്‍ക്കും പൂട്ടില്ല. കോടതിക്ക് മുമ്പിലെ ജംഗ്ഷനില്‍ ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം നഗരസഭയടെ മുന്നിലെത്തിയിട്ട് വര്‍ഷങ്ങളായി. കോടതി സമുച്ചയത്തില്‍ നിരീക്ഷണ കാമറ ഉള്‍പ്പെടെ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താനുള്ള പദ്ധതി നാല് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായില്ല. മൂന്നു വര്‍ഷം മുമ്പ് മഞ്ചേരി കോടതി പരിസരത്ത് ബോംബു ഭീഷണിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ചിലഭാഗങ്ങളില്‍ മുള്ളുവേലി നിര്‍മിച്ചതല്ലാതെ മറ്റു സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല.
മലപ്പുറം മജിസ്ട്രേട്ട് കോടതി മുറ്റത്ത് സ്ഫോടനം നടന്നതോടെ ജില്ലാ കോടതിയുടെ സുരക്ഷ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് വിഭാഗം മഞ്ചേരിയിലെത്തി പരിശോധിച്ചു.
മലപ്പുറത്ത് സ്ഫോടനം നടത്തിയ ബേയ്സ് മൂവ്മെന്റ് എന്ന സംഘടന കോടതികളെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: