ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ് ശല്യം ഒഴിവാക്കണമെന്നുള്ള ആവശ്യം വര്‍ഷങ്ങളായി അധികൃതര്‍ പരിഗണിക്കാത്തതില്‍ കുട്ടനാട്എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ പ്രതിഷേധിച്ചു.
പ്ലാറ്റ്‌ഫോമിലും ഓവര്‍ബ്രിഡ്ജിലും സ്‌റ്റേഷന്റെ രണ്ടാം നിലയിലും പരിസരത്തുമെല്ലാം സദാ നായ്‌ക്കളുടെ വിളയാട്ടമാണ്. രാത്രിയില്‍ പലപ്പോഴും പ്ലാറ്റ്‌ഫോമുകളില്‍ വെളിച്ചം കാണാത്തതിനാല്‍ പ്രശ്‌നം ഗുരുതരമാകും. രാത്രിയിലും അവസാന നിമിഷം ട്രെയിന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നു അവസാന മിനിട്ടുകളില്‍ മാറി എത്തുമ്പോഴുണ്ടാകുന്ന തിക്കിലും തിരക്കിലും നായ്‌ക്കള്‍ യാത്രക്കാരുടെ നേര്‍ക്ക് കുരച്ചുചാടാറുണ്ട്. പലപ്പോഴും യാത്രക്കാര്‍ ജീവന്‍ കൈയിലെടുത്താണ് സഞ്ചരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രമെന്നു അഭിമാനിക്കുന്ന ആലപ്പുഴയ്‌ക്ക് തെരുവുനായ്‌ക്കള്‍ തീരാക്കളങ്കമാണ്. കടിക്കുന്ന പട്ടികളും രോഗബാധിതരായ പട്ടികളും കുറച്ചൊന്നുമല്ല യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പട്ടിശല്യം കാരണം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികള്‍ ആലപ്പുഴയെ ഉപേക്ഷിക്കുന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ നീങ്ങുകയാണെന്നും ‘കെര്‍പ’ ചൂണ്ടിക്കാട്ടി. ഏതുവിധേനെയും റെയില്‍വേ സ്റ്റേഷനിലെ നായ്ശല്യം ഒഴിവാക്കി യാത്രക്കാര്‍ക്കു സുരക്ഷിതത്വബോധം ഉണ്ടാക്കുകയാണ് എത്രയും വേഗം ചെയ്യേണ്ടത്.
















